Skip to main content

ഐ.ടി മേഖലയിൽ ഗവേഷണത്തിന് ഊന്നൽ നൽകണം: കേരളീയം സെമിനാർ

സംസ്ഥാനത്ത് ഐ.ടി മേഖലയിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് കേരളീയം 2023ന്റെ ഭാഗമായി  'കേരളത്തിലെ ഐ.ടി മേഖലഎന്ന വിഷയത്തിൽ ഇൻഫർമേഷൻ ആൻഡ് ഐ.ടി വകുപ്പ് മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

 കേവലം വിദ്യാഭ്യാസത്തിനപ്പുറം അതത് മേഖലകളിൽ വൈദഗ്ധ്യം നേടത്തക്ക രൂപത്തിൽ കോഴ്സുകൾ രൂപപ്പെടുത്തണം. ഇതോടൊപ്പം ഐ.ടി മേഖലയിൽ കൂടുതൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും റീഫ്രഷർ കോഴ്സുകളും ആരംഭിക്കേണ്ടതുണ്ട്. ഐ.ടി മേഖല പ്രതിദിനം അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഇതോടൊന്നിച്ച് മുന്നേറാൻ കൂടുതൽ ഐ.ടി പാർക്കുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ആരംഭിക്കണം. ഡിജിറ്റൽ എക്കോണമി വലിയ സാധ്യതയാണ് കേരളത്തിന് മുന്നിൽ വെയ്ക്കുന്നത്. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാധ്യതകളെ എല്ലാ മേഖലയിലും ഉപയോഗിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഐ.ടി മേഖലയെ സമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കുന്നതിൽ സംസ്ഥാനം മാതൃകയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

എല്ലാവർക്കും ഇന്റർനെറ്റ് സേവനം പ്രാപ്യമാണ് എന്നത് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ വിഭിന്നമാക്കുന്നതായി സെമിനാറിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ വി. നമശിവായം അഭിപ്രായപ്പെട്ടു. അക്ഷയ പദ്ധതി പോലുള്ള പല മാതൃകകളും ആരംഭിച്ച് ഐ.ടി മേഖലയിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് വഴി കാട്ടിയതായും അദ്ദേഹം പറഞ്ഞു.

ഭരണ നിർവണം സുഗമമാക്കുന്നതിനായി കേരളം നിരവധി പദ്ധതികൾ നടത്തി വരുന്നതായി സെമിനാറിൽ വിഷായവതരണം നടത്തിയ സംസ്ഥാന ഇലക്ടോണിക്സ് ആന്റ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞു. .

ഡിജിറ്റൽ സമത്വത്തിലേക്കുള്ള ചുവടുവെയ്പുമായി കേരളം ആരംഭിച്ച കെ ഫോൺ പദ്ധതി എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ഐ.ടി മേഖലയിൽ കേരളത്തിലേക്ക് കൂടുതൽ സംരംഭകരെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് ഇൻഫോസിസ് സഹ സ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി ഷിബുലാൽ പറഞ്ഞു. അന്തരീക്ഷ മലിനീകരണംകാലാവസ്ഥാ വ്യതിയാനം തുടങ്ങി ഇക്കാലത്ത് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമകാലിക പ്രശ്നങ്ങളായ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ടെക്നോളജിക്ക് സാധിക്കുമെന്ന് പ്രശസ്ത ഐ.ടി. സംരംഭകനായ സാം സന്തോഷ് അഭിപ്രായപ്പെട്ടു.

എല്ലാവരിലേക്കും ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായെന്ന് ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും അതിവേഗം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടണമെന്ന് ഐ.ബി.എസ് സോഫ്റ്റ് വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ  വി.കെ മാത്യൂസ് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം  ഐ.ടി ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സാഫിൻ ഇന്ത്യ മാനേജിങ് ഡയറക്ടറായ സുജ ചാണ്ടി പറഞ്ഞു. ഐ.ടി മേഖലയിൽ കൂടുതൽ ഗവേഷണത്തിനും കണ്ടെത്തലിനുമായി മേഖലയിലെ പ്രധാന സ്ഥാപനങ്ങളുമായി അക്കാദമിക് പങ്കാളിത്തം ആവശ്യമാണെന്നും അവർ പറഞ്ഞു.

ഐ.ടി മേഖലയിൽ കൂടുതൽ കരുത്തരായ വരെ സൃഷ്ടിക്കാൻ ചെറുപ്പ കാലം മുതൽ തന്നെ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത് നന്നായിരിക്കുമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് ശ്രീകാന്ത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഐ.ടി മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ഉയർന്നു വരേണ്ടത് ആവശ്യമാണെന്നും ഇതിനായി റിസർച്ച് ആന്റ് ഡെവലപ്പമെന്റ് മേഖലയിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്നും ഇന്ത്യൻ- അമേരിക്കൻ എൻജിനീയറും സംരംഭകനുമായ വിനോദ് ധാം അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ എക്കോണമി കേരളത്തിന് മുന്നിൽ വലിയ സാധ്യതാണ് ഉയർത്തുന്നത്. ഐ.ടി മേഖലയിൽ കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയും കൂടുതൽ ഐ.ടി സംരംഭങ്ങൾ ആരംഭിക്കുക വഴി കേരളത്തെ സാമ്പത്തിക രംഗത്ത് ഉയർത്തിക്കൊണ്ടുവരാനാവുമെന്നും കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് പറഞ്ഞു.

പി.എൻ.എക്‌സ്5263/2023

date