Skip to main content

7 പേർക്ക് പുതുജീവിതം നൽകി സുരേഷ് യാത്രയായി

മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവം ദാനം നിർവഹിച്ചത്. ഹൃദയം, 2 വൃക്കകൾകരൾ (2 പേർക്ക് പകുത്ത് നൽകി), 2 കണ്ണുകൾ എന്നിങ്ങനെയാണ് ദാനം നൽകിയത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ബന്ധുക്കൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു.

ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കും 1 വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ്, 2 കണ്ണുകൾ തിരുവന്തപുരം കണ്ണാശുപത്രി, 1 വൃക്ക കിംസ് ആശുപത്രികരൾ അമൃതയിലെ സൂപ്പർ അർജന്റ് രോഗിക്കുംകിംസിലെ രോഗിക്കുമാണ് പകുത്ത് നൽകിയത്.

നിർമ്മാണ തൊഴിലാളിയായ സുരേഷ് ജോലി സ്ഥലത്ത് വച്ച് നവംബർ രണ്ടിന് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അഞ്ചാം തീയതി കിംസ് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ബന്ധുക്കളാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോർജ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. കാലാവസ്ഥാ പ്രശ്നം കാരണം ഹെലീകോപ്റ്റർ ഉപയോഗിക്കാൻ കഴിയാതെ വന്നു. തുടർന്ന് ഗ്രീൻ ചാനൽ ഒരുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പോലീസിന്റെ സഹായത്തോടെ ഗ്രീൻ ചാനൽ ഒരുക്കിയാണ് അതിവേഗത്തിൽ ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്.

പി.എൻ.എക്‌സ്5342/2023

date