Skip to main content
ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു

ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു

ഒല്ലൂര്‍ നവ കേരള സദസ്സിന്റെ ഭാഗമായി 'ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് സഹകരണ മേഖലയുടെ സാധ്യതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടനെല്ലൂര്‍ ഔഷധിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാറിന് നേതൃത്വം നല്‍കുകയും ചെയ്തു.

വനമേഖലയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം - സാധ്യതകള്‍ - നിയമവശങ്ങള്‍ എന്ന വിഷയത്തില്‍ പ്രമോദ് ജി. കൃഷ്ണന്‍ പ്രബന്ധാവതരണം നടത്തി. ഔഷധസസ്യകൃഷിയില്‍ സംഘങ്ങളുടെ സാധ്യതകള്‍, ഔഷധസസ്യകൃഷിയില്‍ സഹകരണ സംഘത്തിന്റെ വിജയ മാതൃക, അസംസ്‌കൃത വസ്തുക്കളുടെ അര്‍ദ്ധ സംസ്‌കരണ സാധ്യതകളും ആവശ്യകതകളും, ഔഷധ സസ്യ ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലും പ്രബന്ധാവതരണവും തുടര്‍ന്ന് വിശദമായ ചര്‍ച്ചയും നടന്നു. വിവിധ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, കുടുംബശ്രീ, ഫോറസ്റ്റ്, അഗ്രികള്‍ച്ചര്‍ ആയുര്‍വേദം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ഭാവി കേരളത്തിലെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍, ഔഷധമേഖലയുടെ വളര്‍ച്ച, വനവിഭവങ്ങളുടെ കുറവ്, വിഭവ ചൂഷണം തുടങ്ങിയ ഒട്ടേറെ മേഖലകളെ വിശദമായി പ്രതിപാദിച്ചു കൊണ്ടുള്ള സെമിനറാണ് നടന്നത്. ഔഷധി ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പി.എം. ലതാകുമാരി സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങില്‍ ഔഷധി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. ഹൃദിക് അധ്യക്ഷത വഹിച്ചു. ഔഷധി ഭരണസമിതി അംഗങ്ങളായ ടി.വി. ബാലന്‍, കെ.എഫ്. ഡേവിഡ്, കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനായ എ.വി. സന്തോഷ്‌കുമാര്‍, മറ്റത്തൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date