Skip to main content
സ്ത്രീശാക്തികരണത്തിൽ രാജ്യത്തിന് കേരളം മാതൃക: മന്ത്രി ജെ ചിഞ്ചുറാണി

സ്ത്രീശാക്തികരണത്തിൽ രാജ്യത്തിന് കേരളം മാതൃക: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ: സ്ത്രീശാക്തീകരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ഹരിപ്പാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട കുടുംബശ്രീ വളർന്നു പന്തലിച്ചു.  സംരംഭ മേഖലയിലേക്ക് നിരവധി സ്ത്രീകൾ കടന്നുവരുന്നു.   ലോകത്തിനു മാതൃകയാക്കാവുന്ന നിരവധി പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. 

അതിദരിദ്രരുടെ എണ്ണം ദിനംപ്രതിയാണ് കുറഞ്ഞു വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. 2025 -ൽ അതി ദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി   ബൃഹത്തായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ പൂർത്തീകരിച്ചു. കൂടുതൽ വ്യവസായികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വ്യവസായ സൗഹൃദ സംസ്ഥാനമാണ് ഇന്ന് കേരളം. 

 2023 ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകൾ പ്രകാരം 15000 ലധികം ജനങ്ങൾക്ക് തൊഴിൽ നൽകാനായി. മുടങ്ങിക്കിടക്കുന്ന പെൻഷൻ പുന:സ്ഥാപിച്ചു. കർഷകരെ പ്രോത്സാഹിപ്പിച്ചു കൃഷി വ്യാപകമാക്കുന്ന നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. റോഡുകളുടെ വികസനം വലിയ മാറ്റമാണ്..  തീരദേശ മേഖലയിൽ പശ്ചാത്തല വികസനം സാധ്യമാക്കി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. 

താലൂക്ക്, ജില്ലാ ആശുപത്രികളിൽ ആധുനിക സജ്ജീകരണങ്ങൾക്കായി കോടികളുടെ  നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പുരോഗതി സർക്കാർ നേടി. പാൽ ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുമെന്നും  മുഴുവൻ ആളുകൾക്കും പട്ടയം നൽകി,  എല്ലാവർക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു മുന്നേറുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.

date