Skip to main content

ആവേശമായി കഴക്കൂട്ടത്തെ മെഗാ ജോബ് ഫെസ്റ്റ് : രണ്ടായിരത്തിലധികം രജിസ്ട്രേഷൻ

നവകേരള സദസ്സിന് മുന്നോടിയായി കഴക്കൂട്ടം മണ്ഡലത്തിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. 'കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ 'നാലാമത് എഡിഷൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ തൊഴിൽ - സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തൊഴിൽ മേഖലയിലെ ഏറ്റവും കൂടുതൽ സംരംഭകരെ ഉൾക്കൊള്ളുന്നത് കഴക്കൂട്ടം മണ്ഡലത്തിലാണെന്ന് മിനി ആന്റണി പറഞ്ഞു.

 തൊഴിൽ മേളയിൽ 130 ലധികം പ്രമുഖ കമ്പനികളാണ് തൊഴിൽദായകരാകുന്നതെന്ന് എം.എൽ. എ പറഞ്ഞു. രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ ഓൺലൈൻ വഴി തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്തിരുന്നു. സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ജോബ് ഫെസ്റ്റിൽ ഒരുക്കിയിരുന്നു.

ടെക്‌നോപാർക്ക്, കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത് .
 എട്ടാം  ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് വരെ ജോബ് ഫെസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരുന്നു.കഴക്കൂട്ടം ജോബ്ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് ജോലി ലഭിച്ചത്.

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ. എസ് അധ്യക്ഷത വഹിച്ചു. കിൻഫ്ര ഇൻ്റർനാഷണൽ അപ്പാരൽ പാർക്ക് സി. ഇ. ഒ  ജീവ ആനന്ദൻ,കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ. ഒ അനൂപ്.പി. അംബിക, അസാപ് കേരള മേധാവി ഐ. പി ലൈജു, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാംസ് മേധാവി ബിജു സോമൻ, എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

date