Skip to main content
ചൂരക്കാട്ടുകര ഗവ. യു.പി സ്കൂളിന് പുതിയ കെട്ടിടം

ചൂരക്കാട്ടുകര ഗവ. യു.പി സ്കൂളിന് പുതിയ കെട്ടിടം

ചൂരക്കാട്ടുകര ഗവ. യു.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി

അജിത്കുമാർ അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചത്.

130 വർഷം പഴക്കമുള്ള സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി 3700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഒന്നാം നിലയിൽ മൂന്ന് ക്ലാസ് റൂമുകളും രണ്ടാം നിലയിൽ രണ്ട് ക്ലാസ് റൂമുകളും, സ്റ്റെയർ റൂം, വരാന്ത എന്നിവ ഉൾപ്പെടും. അടുത്ത ഘട്ടങ്ങളിലായി കൂടുതൽ ക്ലാസ്സ് മുറികളും നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

കിച്ചൻ കം സ്റ്റോർ പദ്ധതിയിൽ ലഭിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ച് അടുക്കളയും സ്റ്റോർ റൂമും നിർമ്മാണ പ്രവർത്തനങ്ങളും, സ്റ്റാർസ് പദ്ധതിയിൽ പ്രീ പ്രൈമറി വിഭാഗത്തിന് ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് ക്ലാസ് റൂമുകളെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളും പാർക്ക് നിർമ്മാണവും നടന്നുവരികയാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും പഠനാന്തരീക്ഷവും ഉറപ്പാക്കിക്കൊണ്ട് കൂടുതൽ കുട്ടികളെ അടുത്ത അധ്യയനവർഷം സ്വീകരിക്കാൻ ഒരുങ്ങുകയാണ് ചൂരക്കാട്ടുകര ഗവ. യു.പി സ്കൂൾ.

ചടങ്ങിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ഡി. ഹരിത റിപ്പോർട്ട് അവതരിപ്പിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. വിൽസൺ, അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അജിത കൃഷ്ണൻ, ഗ്രീഷ്മ അഭിലാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജ്യോതി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.യു. ശ്രീജിത്ത്, വി.എം. മോഹിനി, വി.ജി. ഹരീഷ്, നിഷ പ്രഭാകരൻ, സോണി തരകൻ, ബിനിത തോമസ്, മിനി സൈമൺ, പ്രധാന അധ്യാപിക എ.ഒ. ജസീന്ത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വേണുഗോപാൽ, പിടിഎ പ്രസിഡന്റ് ഇ.കെ ശ്രീനിവാസൻ, സ്കൂൾ ലീഡർ എസ്. പാർവ്വതി, സി. സാജൻ ഇഗ്നേഷ്യസ്, സി.ആർ നന്ദകുമാർ, കെ.എസ് സുഭാഷ്, കെ.കെ ചന്ദ്രൻ, സുനിൽ ഗോപാലൻ, ജെറി പോൾ, ശ്രീനിഷ അനിൽപ്രസാദ്, ആർ. സജീവ്‌, പി.ജി. ജയദേവൻ, വി.എസ് സിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.

date