Skip to main content
നവകേരളത്തിനായി   ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരളം - മന്ത്രി അഹമ്മദ് ദേവർകോവിൽ

നവകേരളത്തിനായി   ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരളം - മന്ത്രി അഹമ്മദ് ദേവർകോവിൽ

ആലപ്പുഴ: നവകേരള നിർമിതിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് കേരള ജനതയെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എൽമെക്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായംകുളം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം അതിജീവിച്ച ജനതയാണ്. പ്രളയവും ഓഖിയും ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും ലോകം മുഴുവൻ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയും ഈ ജനതയെ വരിഞ്ഞു മുറുക്കിയപ്പോൾ പിണറായി വിജയൻ എന്ന ജനനായകൻ്റെ കീഴിൽ ഒറ്റകെട്ടയി സംരക്ഷണം ഒരുക്കിയതാണ് നമ്മുടെ  ചരിത്രം. ഇവിടെ തൊഴിൽ തേടിയെത്തിയ അതിഥി തൊഴിലാളികൾക്ക് പോലും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചുവെന്നത് നേട്ടങ്ങളുടെ പട്ടികയിൽ എന്നും മായാതെ നിൽക്കും. 

കേരളത്തിന് അവകാശപ്പെട്ടത് പോലും നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ പ്രതിസന്ധിയിലേക്ക് ചാടിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വികസന മുന്നേറ്റങ്ങളൊക്കെയും യാഥാർത്ഥ്യമാക്കി നാം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സ് ആരംഭിച്ചതു മുതൽ ചിലർ യു.ഡി.എഫ്.ൻ്റെ ജനസമ്പർക്ക പരിപാടിയുമായി ഇതിനെ താരതമ്യപ്പെടുത്തുകയുണ്ടായി.  യു.ഡി.എഫ്. അഞ്ച് വർഷത്തിൽ വിതരണം ചെയ്ത സഹായധനം 808 കോടി രൂപ മാത്രമാണ്. ജനങ്ങളെ വരി നിർത്താതെ ഓൺലൈനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒന്നാം പിണറായി വിജയൻ സർക്കാർ നൽകിയ പണം 5715.95 കോടി രൂപയാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ ഇതുവരെ നൽകിയത് 1917.33 കോടി രൂപയും. ഏഴു വർഷത്തിനുള്ളിൽ ആകെ 7633 കോടി രൂപ ഇതിനോടകം ജനങ്ങൾക്ക് വിതരണം ചെയ്ത് കഴിഞ്ഞു.

മാതൃകാപരമായ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി വിജയകരമായി നടപ്പാക്കി എ പ്ലസ് നേടി കുട്ടികളെ വിജയിപ്പിക്കാൻ നമുക്ക് സാധിച്ചു. വിദ്യാകിരണം പദ്ധതി വഴി 47,613 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 
10,500 ലാപ്ടോപ്പുകളും രണ്ടു വർഷത്തിനുള്ളിൽ വിതരണം ചെയ്തു കഴിഞ്ഞു.120ൽ അധികം സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഭൗതികസൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ 2309 കോടി രൂപ ചെലവിൽ 973 സ്കൂളുകൾക്ക് ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ ലഭ്യമാക്കാനായി. പ്രളത്തിലെ വിജ്ഞാനസമൂഹമാക്കി രൂപാന്തരപ്പെടുത്തുന്നതിലും ഗവേഷണത്തിലും നൈപുണ്യ നിലവാരം ഉയർത്തുന്നതിലും നൂതന അക്കാദമിക പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ രംഗം കാണിക്കുന്ന ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയുള്ള ഒരു ജനനായകനെ തളർത്താനോ തകർത്താനോ ആകില്ലയെന്നുള്ളതിന്റെ തെളിവാണ് നാളിതുവരെയുള്ള ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസ്സിൽ സംഗമിച്ചുകൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങൾ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

date