Skip to main content

ഇന്ത്യയിലെ ഭക്ഷ്യ വൈവിധ്യങ്ങൾ രുചിക്കാം, കൊച്ചിയിലെത്തൂ...

 

രുചിക്കൂട്ടുകളുടെ ഉത്സവവുമായി ദേശീയ സരസ് മേള

രാജസ്ഥാൻ രാജകുടുംബത്തിൽ നിന്നുള്ള ദാൽ ബാത്തി ചൂർമ മുതൽ  തിരുനെല്ലി മോമോസ് വരെ....ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യങ്ങൾ ആസ്വദിച്ചറിയാൻ കൊച്ചിയിലേക്കെത്തൂ...വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാദുകളുമായി പത്ത് ദിനരാത്രങ്ങൾ.... കൊച്ചിയുടെ മണ്ണിൽ രുചിയുടെ  ഉത്സവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ദേശീയ സരസ് മേള. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള രുചിക്കൂട്ടുകളാണ്  ഭക്ഷ്യ ആസ്വാദകരെ കാത്തിരിക്കുന്നത്.

പേര് പോലെ തന്നെ കേൾക്കുമ്പോൾ കൗതുകം ഉണർത്തുന്ന രാജസ്ഥാനിലെ പരമ്പരാഗത വിഭവമായ ദാൽ ബാത്തി ചൂർമയും ജീരകശാല അരി കൊണ്ട് ഉണ്ടാക്കിയ വയനാടിന്റെ സ്വന്തം തിരുനെല്ലി മോമോസ് എന്ന തിമോയും ആദ്യദിനം തന്നെ മേളയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയുടെ പൂരൻ പോളി, അരുണാചൽ പ്രദേശിന്റെ ബീഫ് കോൺ സൂപ്പ്, അട്ടപ്പാടിയുടെ സ്വന്തം വന സുന്ദരി, ആലപ്പുഴയുടെ കരിമീൻ പൊള്ളിച്ചത്, ലക്ഷദ്വീപിന്റെ ഹൽവ, വിവിധ തരം ബിരിയാണികൾ, നാടൻ വിഭവങ്ങൾ എന്നിവയാണ് ഭക്ഷ്യമേളയുടെ ആകർഷണം.

നാല്പതിലധികം സ്റ്റാളുകളാണ് രുചി വൈവിധ്യങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കാൻ ഭക്ഷ്യമേളയിൽ ഒരുങ്ങിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ  നിന്ന് പത്ത്, ഉത്തർപ്രദേശിൽ നിന്ന് ഒമ്പത്, കർണാടകയിൽ നിന്ന് എട്ട്, സിക്കിമിൽ നിന്ന് ഏഴ്, ലക്ഷ്വദീപിൽ നിന്ന് ആറ്, തെലുങ്കാനയിൽ നിന്ന് അഞ്ച്, അരുണാചൽ പ്രദേശിൽ നിന്ന് നാല്, മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്, ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് എന്നിങ്ങനെ സ്റ്റാളുകളാണ് ഭക്ഷ്യമേളയിലുള്ളത്.

എറണാകുളം, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം,കോഴിക്കോട്,  കണ്ണൂർ, തലശ്ശേരി, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള തനത്  രുചി വൈവിധ്യങ്ങളും മേളയിൽ ലഭ്യമാണ്.

തത്സമയം ഉണ്ടാക്കുന്ന ഭക്ഷ്യ രുചികൾ ആസ്വദിക്കാൻ ആദ്യ ദിനം തന്നെ നിരവധി പേരാണ് ഭക്ഷ്യമേളയിലേക്ക് എത്തിയത്. രുചിയുടെ നവ്യാനുഭവങ്ങൾ പകർന്ന് ജനുവരി ഒന്നുവരെ സരസ് മേള തുടരും.

date