Skip to main content

ഡെങ്കിപ്പനി തടയാന്‍ ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ ഡ്രൈവ്

വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കൊപ്പം ഡെങ്കിപ്പനിക്കെതിരെയും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അരോഗ്യവകുപ്പ്. വേനല്‍ക്കാലത്തു വലിച്ചെറിയുന്ന ഒഴിഞ്ഞ കുപ്പികളില്‍ വെള്ളം കെട്ടിനിറുത്തി കൊതുക്‌പെരുകാനിടയാക്കരുത്. ഒഴിഞ്ഞപാത്രങ്ങളുടെ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കുന്ന ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ ഡ്രൈവ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും മഴക്കാലത്തിന്മുമ്പ് നടത്തും.

ഡെങ്കിപ്പനി

പകല്‍സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം

വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മുട്ടയിട്ടുപെരുകുന്നവയാണിവ. വീടിന്റെ ഉള്ളില്‍ ചെടിച്ചട്ടികള്‍, പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍, തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം കെട്ടികിടക്കാതെ നോക്കണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളംമാറ്റണം.

ബോട്ടുകളിലും ബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ടയറുകള്‍, ടാങ്കുകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകരുത്. ബോട്ടുകളില്‍ മൂടിയില്ലാതെകിടക്കുന്ന ജലസംഭരണികള്‍, വശങ്ങളില്‍കെട്ടിയിരിക്കുന്ന ടയറുകള്‍, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.  

വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ പാത്രങ്ങളില്‍ പിടിച്ച് വച്ചിരിക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിടാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ വെള്ളം പിടിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍ അടച്ച് വയ്ക്കുക. ഡെങ്കിപ്പനി സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ശരിയായ ചികിത്സയും വിശ്രമവും പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു

date