Skip to main content

കുന്നംകുളം ജംഗ്ഷൻ വികസനം: ആദ്യ ഘട്ട ടെണ്ടർ പൂർത്തീകരിച്ചു

കുന്നംകുളത്തിൻ്റെ മുഖച്ഛായ മാറ്റി നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ കുന്നംകുളം ജംഗ്ഷൻ വികസനത്തിനൊരുങ്ങുന്നു . പദ്ധതിയുടെ ആദ്യ ഘട്ട ടെണ്ടർ നടപടി പൂർത്തികരിച്ചു. 31.98 കോടി രൂപക്ക് മലബാർ ടെക് എന്ന കമ്പനിയുടെ കുറഞ്ഞ നിരക്കിലുള്ള ടെൻഡറിന് കിഫ്‌ബിയുടെ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തികൾ ആരംഭിക്കും.  കേരള റോഡ് ഫണ്ട്‌ ബോർഡ്‌ ആണ് നിർവഹണ ഏജൻസി.

ജില്ലയിലെ രണ്ട് പ്രധാന സംസ്ഥാന പാതകളായ തൃശൂർ - കുറ്റിപ്പുറം റോഡും ചാവക്കാട് - വടക്കാഞ്ചേരി റോഡും സന്ധിക്കുന്ന കുന്നംകുളം ജംഗ്ഷൻ ഇടുങ്ങിയതും കാലങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ സ്ഥലമാണ്. വാണിജ്യപരമായ തനിമ അവകാശപ്പടാവുന്ന കുന്നംകുളത്തിന് ഈ ജംഗ്ഷന്റെ വികസനം അനിവാര്യമായിരുന്നു. എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ 2020 ൽ പദ്ധതിക്ക് 89.63 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. 

തൃശൂർ കുറ്റിപ്പുറം റോഡിൽ തൃശൂർ ഭാഗത്തേക്ക് 515 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 1907 മീറ്ററും ചാവക്കാട്- വടക്കാഞ്ചേരി റോഡിൽ ഗുരുവായൂർ ഭാഗത്തേക്ക് 465 മീറ്ററും വടക്കാഞ്ചേരി ഭാഗത്തേക്ക് 606 മീറ്ററും നീളത്തിൽ 18.5 മീറ്റർ വീതിയിൽ കിഫ്ബി മാനദണ്ഡപ്രകാരം ജംഗ്ക്ഷൻ വികസനം നടപ്പാക്കും. 

ജംഗ്ഷനിൽ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്കുള്ള 150 മീറ്റർ നീളത്തിലുള്ള റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതും ജംഗ്ഷനിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസവും ജംഗ്ഷൻ സൗന്ദര്യവൽക്കരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 

ഈ പ്രവൃത്തിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രാരംഭഘട്ടത്തിലാണ്. പ്രധാന പാത 18.5 മീറ്റർ വീതിയിലും, പുതിയ ബസ്സ്സ്റ്റാന്റ് റോഡ് 10 മീറ്റർ വീതിയിലും ജംഗ്ഷനും വിഭാവനം ചെയ്തിരിക്കുന്നു. ബിഎം ആൻ്റ് ബിസി നിലവാരത്തിൽ റോഡുകൾ, ഇരുവശങ്ങളിൽ കാനകളും, യൂട്ടിലിറ്റി ഡക്റ്റുകളും, 6 ബസ്സ് ഷെൽട്ടറുകളും ഉൾപ്പെടുത്തി ഐ ആർ സി സുരക്ഷാമാനദണ്ഡങ്ങൾ മുൻനിറുത്തിയാണ് റോഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. 

പദ്ധതിയുടെ രണ്ടാം ഘട്ടമായി ഏറ്റെടുക്കുന്ന 52 സെന്റ് സ്ഥലത്തിലെ കച്ചവട സ്ഥാപനങ്ങൾ പുനരധിവസിപ്പിക്കുന്നതിനായി നഗരസഭയുടെ അധീനതയിൽ വരുന്ന ഭൂമിയിൽ 3 നില കെട്ടിടം പണിത് നൽകുകയും ചെയ്യും. 25 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് വിനിയോഗിക്കുക. യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റിക്ക് 5 കോടി രൂപയും, കെഎസ്ഇബി ക്ക് 2.16 കോടി രൂപയും  നീക്കിവെച്ചിട്ടുണ്ട്.

date