Skip to main content

അവള്‍ ചിരിക്കട്ടെ ; ക്യാന്‍സറിനെതിരെ ഹാപ്പി നൂല്‍പ്പുഴ പദ്ധതി

ലോക വനിതാ ദിനത്തില്‍ ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്. ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ സ്ത്രീകളെ ഗര്‍ഭാശയ അര്‍ബുദത്തില്‍ നിന്നും മുക്തരാക്കുന്ന പദ്ധതി മാര്‍ച്ച് 8 ന് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി ഒന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷന്‍ നല്‍കും. പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 55 കുട്ടികള്‍ക്ക് മാർച്ച് ഇട്ടിനും തുടര്‍ന്ന് ഏപ്രില്‍ മുതല്‍ സ്‌ക്രീനിംഗ് ക്യാമ്പിലൂടെ തെരഞ്ഞെടുത്ത പെണ്‍കുട്ടികള്‍ക്കായി ആഴ്ച്ചകള്‍ തോറും കുടുംബാരോഗ്യ കേന്ദ്രം വഴി വാക്‌സിനേഷന്‍ നല്‍കും.സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയില്‍ നിന്നും സംരക്ഷിച്ച് പൂര്‍ണ്ണമായും സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ട്രൈബല്‍ പഞ്ചായത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും നൂല്‍പ്പുഴ പഞ്ചായത്തിന്റെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തിയാണ് ഹാപ്പി നൂല്‍പ്പുഴ നടപ്പിലാക്കുക.

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date