Skip to main content

കേരളത്തിന്റെ പുനര്‍നിര്‍മ്മതിയ്‌ക്ക്‌ കുടുംബശ്രീയ്‌ക്ക്‌ മഹത്തായ പങ്കുവഹിയ്‌ക്കാനാവും : മന്ത്രി ഏ സി മൊയ്‌തീന്‍

പ്രളയാനന്തരമുളള കേരളത്തിന്റെ പുനര്‍നിര്‍മ്മതിയ്‌ക്ക്‌ കുടുംബശ്രീയ്‌ക്ക്‌ മഹത്തായ പങ്കുവഹിയ്‌ക്കാനാവുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ സി മൊയ്‌തീന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ കുടുംബശ്രീ കണ്‍സ്‌ട്രക്ഷന്‍ യൂണിറ്റ്‌ രൂപീകരണവും പരിശീലനവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തെ തുടര്‍ന്ന്‌ തകര്‍ന്ന കാര്‍ഷിക മേഖലയുള്‍പ്പെടെയുളള വിവിധ മേഖലകളുടെ പുനരുജീവനത്തില്‍ പങ്കാളികളായി കുടുംബശ്രീക്ക്‌ ഫലപ്രദമായമാറ്റമുണ്ടാക്കാനാവും. പുതിയ കാലഘട്ടത്തില്‍ കുടുംബശ്രീ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കുടുംബശ്രീ നിര്‍മ്മാണ മേഖലയില്‍ പ്രവേശിക്കുന്നത്‌. 25 ലക്ഷത്തിലധികം ആളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്‌. ഇന്ന്‌ സംസ്ഥാനത്ത്‌ അധികമാളുകള്‍ മറ്റിടങ്ങളില്‍ നിന്നെത്തിയാണ്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ മനസ്സിലാക്കിയുളള കുടുംബശ്രീയെ മുന്നോട്ടു പോക്ക്‌ ഈ മേഖലയില്‍ ്‌ വര്‍ദ്ധിച്ച തൊഴില്‍ സാധ്യതയുണ്ടാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ലൈഫ്‌ മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 175000 വീടുകള്‍ പണിയുന്നുണ്ട്‌. കൂടാതെ ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക്‌ ജില്ലയില്‍ ഒരു വീടെന്ന രീതിയിലും വീടു പണിയും. മൂന്നാംഘട്ട ലൈഫ്‌ മിഷന്‍ ആരംഭിയ്‌ക്കും. അങ്ങനെ വന്നാല്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലവസരം വര്‍ദ്ധിയ്‌ക്കും. സ്‌ത്രീകളെ വൈദഗ്‌ധ്യമുളളവരാക്കാനുളള കുടുംബശ്രീയുടെ ശ്രമം കൂടിയാകുമ്പോള്‍ ഈ മേഖലയില്‍ മികച്ച നേട്ടം കൊയ്യാനാവും. ഇതിലൂടെ സ്‌ത്രീകള്‍ക്ക്‌ ഗുണപരമായ മാറ്റമുണ്ടാക്കാനാവും. തൊഴില്‍മേഖലയിലും കമ്പോളത്തിലൂടെ ഇടപെടാനാവും എന്നതാണ്‌ ആ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അയല്‍ക്കൂട്ടം വഴി ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രളയനഷ്‌ടത്തില്‍ 10000 രൂപ ലഭിച്ചവര്‍ക്ക്‌ വായ്‌പയാണ്‌ ഈ തുക ലഭിക്കുക. ഈ തുക അര്‍ഹതപ്പെട്ടവര്‍ക്കാണ്‌ കിട്ടുന്നതെന്ന്‌ കുടുംബശ്രീ ഉറപ്പാക്കണം. കുടുംബശ്രീയില്‍ അംഗങ്ങളാകാത്തവരുടെ കാര്യം രണ്ടാമത്‌ തീരുമാനിക്കും. വായ്‌പയായി കുടുംബശ്രീയ്‌ക്ക്‌ 3000 കോടി രൂപയാണ്‌ ലഭിക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു. 
ഹരിതകേരളത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ടുവരെയുളള തീവ്രശൂചീകരണപ്രവര്‍ത്തനങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകണം. 30-ാം തീയതി കുടുംബശ്രീ അംഗങ്ങളെല്ലാം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നവോത്ഥാനത്തിനുളള ശേഷമുളള കേരളത്തിലുണ്ടായ മുന്നേറ്റമാണ്‌ കുടുംബശ്രീ. കുടുംബശ്രീ പ്രസ്ഥാനത്തിന്‌ മുന്‍പും പിന്‍പും എന്ന്‌ ഇപ്പോള്‍ പറയേണ്ടി വരും. കുടുംബശ്രീയിലൂടെയുളള മുന്നേറ്റം നിര്‍മ്മാണമേഖലയില്‍ കൂടിയാകുമ്പോള്‍ ഇതൊരു തൊഴില്‍ മാത്രമല്ല സംരംഭകത്വമായി വികസിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സ്വന്തം നിലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, കുടുംബശ്രീ ഗവേണിംഗ്‌ ബോഡി അംഗം ഷീല വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ടുമായ കെ കെ സതീശന്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌സ്‌ അസോസിയേഷന്‍ സെക്രട്ടറിയുമായ പി എസ്‌ വിനയന്‍, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. തൃശൂര്‍ ഡിസ്‌ട്രിക്കറ്റ്‌ ലേബര്‍ കോണ്‍ട്രാക്ക്‌റ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡണ്ട്‌ ടി ജി സജീവ്‌ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ സ്വാഗതവും കുടുംബശ്രീ (അര്‍ബന്‍) മാനോജിങ്‌ ഡയറക്‌ടര്‍ എം സി ബൈജു മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

14 പഞ്ചായത്തുകളില്‍ നിന്നും 6 നഗരസഭകളില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകരായ 225 പേര്‍ക്ക്‌ ഉച്ചയ്‌ക്ക്‌ 12 മുതല്‍ വൈകീട്ട്‌ 5 വരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി. സെപ്‌തംബര്‍ 24 മുതല്‍ ആറുദിവസം ഇവര്‍ക്ക്‌ സ്‌കില്‍ ട്രെയ്‌നിങ്ങ്‌ നല്‍കും. വരുന്ന ഒരുമാസം തൊഴിലമേഖല കേന്ദ്രീകരിച്ചുളള പരിശീലനമാണ്‌ നല്‍കുക.

date