Skip to main content

കയര്‍ വ്യവസായത്തിന്‌ ആവശ്യമായ യന്ത്രങ്ങള്‍ നല്‍കും :  മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌

പുത്തന്‍ചിറയിലെ കയര്‍ വ്യവസായത്തിനു വേണ്ട യന്ത്രങ്ങളുടെ അപര്യാപ്‌്‌തത പരിഹരിക്കുമെന്ന്‌ ധനകാര്യ വകുപ്പ്‌ മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌. പുത്തന്‍ചിറയിലെ കയര്‍ വ്യവസായ സഹകരണ സംഘം സന്ദര്‍ശിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അങ്ങോട്ട്‌ സഹായിക്കുമ്പോള്‍ തിരിച്ച്‌ സംഘം കയര്‍ നല്‍കി സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കാനും തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എ.നദീര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.1977 ല്‍ ആരംഭിച്ച പുത്തന്‍ചിറ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ 485 അംഗങ്ങളാണുള്ളത്‌. 40 തൊഴിലാളികള്‍ ഉണ്ടെങ്കിലും സ്ഥിരമായി ജോലി ചെയ്യുന്നത്‌ 25 പേര്‍ മാത്രമാണ്‌. സംഘം പ്രവര്‍ത്തിക്കുന്ന 52 സെന്റ്‌ സ്ഥലം കൂടാതെ ചകിരി കൈകാര്യം ചെയ്യാനുള്ള 92 സെന്റ്‌ വേറെയും ആസ്‌തിയായുണ്ട്‌. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന്‌ ചകിരിയെടുക്കുന്ന സംഘത്തിന്‌ ശരാശരി ഒന്നര ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവുണ്ട്‌. നിലവില്‍ പത്ത്‌ യന്ത്രങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇപ്പോള്‍ ആവശ്യത്തിന്‌ യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ മാറി മാറിയാണ്‌ ജോലി ചെയ്യുന്നത്‌. ആവശ്യത്തിന്‌ യന്ത്രം ലഭ്യമായാല്‍ ചകിരി പൂര്‍ണമായി ഉപയോഗിക്കാനും അതിലൂടെ വന്‍ ലാഭം നേടാനും കഴിയുമെന്നാണ്‌ പ്രതീക്ഷ.

date