Skip to main content

*നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും*

ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഹണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയില്‍ 2024 മേയ് ഏഴിന് ബ്ലോക്ക് തലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതല്‍ മൂന്നു ദിവസം അടിമാലിയില്‍ വച്ച് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ മലപ്പുറം ജില്ലാ ഓഫീസ് വഴിയും ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും അതത് ബി.ആര്‍.സികള്‍ വഴിയും വിശദവിവരങ്ങള്‍ ലഭ്യമാകും. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും.  

ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിത കേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ജൈവവൈവിധ്യത്തെക്കുറിച്ചും  സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  മത്സരം സംഘടിപ്പിക്കുന്നത്.  വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍,  ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
 

date