Skip to main content

നവോത്ഥാന നേട്ടങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ചരിത്ര പ്രദര്‍ശനം ഇന്നുമുതല്‍

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ  82-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചരിത്ര- ചിത്ര പ്രദര്‍ശനത്തിന്  മഹാകവി  മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ഇന്ന് (നവംബര്‍ 10) തുടക്കമാകും.  രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. കെടി ജലീല്‍ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി സംസ്ഥാനത്ത് നവോത്ഥാനഘട്ടം കൂടി ഓര്‍മിക്കപ്പെടണം എന്ന  ലക്ഷ്യത്തോടെയാണ് ചിത്ര പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയുള്ള പ്രദര്‍ശനം 13 ന് സമാപിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് ഒരുക്കുന്ന  പ്രദര്‍ശനത്തില്‍ നൂറിലധികം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനവിക മൂല്യങ്ങള്‍ക്കായി ദശകങ്ങള്‍ നീണ്ടുനിന്ന ചരിത്ര പോരാട്ടങ്ങളും പ്രതിരോധങ്ങളും അവയ്ക്ക് നേതൃത്വം കൊടുത്ത നവോത്ഥാന നായകരും  സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും   നേടിയെടുത്ത ഭരണഘടനാവകാശങ്ങളും  ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം.  ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍, അനാചാരങ്ങള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവുകള്‍ തുടങ്ങിയവയുടെ  വിവരണാത്മക ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. മാറുമറയ്ക്കല്‍ കലാപം, കല്ലുമാല സമരം, ഗുരുവായൂര്‍-വൈക്കം സത്യഗ്രഹം തുടങ്ങിയ ചരിത്രസംഭവങ്ങളുടെ  ആവിഷ്‌കാരവും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.  ഭരണഘടനാ മൂല്യങ്ങളും മാനവികതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ മുന്നോട്ട് നയിക്കാന്‍  പ്രചോദനമാകുന്നതാണ് ചരിത്ര ചിത്രപ്രദര്‍ശനം.

 

date