Skip to main content
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെ പങ്കെടുപ്പിച്ചു നടന്ന വനിതാമതില്‍ ജില്ലാതല സംഘാടക സമിതിയോഗം.  

വനിതാ മതില്‍; കാസര്‍കോട് ജില്ലയില്‍ ഒരുലക്ഷം വനിതകള്‍ അണിനിരക്കും

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെ പങ്കെടുപ്പിച്ചു നടന്ന വനിതാമതില്‍ ജില്ലാതല സംഘാടക സമിതി യോഗത്തിലാണ് ഈ തീരുമാനം. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌ക്കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉയര്‍ത്തിക്കാട്ടുന്നതിനുമാണു വനിതാമതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാത്തരം സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ടാണു സര്‍ക്കാര്‍ ചരിത്രപരമായ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹരിതചട്ടം പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വനിതാമതിലിന്  ആവശ്യമായ  പോസ്റ്റര്‍, നോട്ടീസ് മറ്റെല്ലാ സംവിധാനവുമൊരുക്കും. ഫ്ളക്സുകള്‍ പൂര്‍ണ്ണമായും നിരോധിക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകളിലുമുളള  വനിതകളുടെ സാന്നിദ്ധ്യം ഉണ്ടാകും. 

ജനുവരി ഒന്നിനു വൈകുന്നേരം നാലു മണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും കാലിക്കടവ് വരെയാണു ജില്ലയിലെ വനിതകള്‍ അണിനിരക്കുന്നത്. 3.45ന് റിഹേഴ്സല്‍ നടക്കും. 3.30 നകം പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരണം. നാലുമണിക്ക് വനിതാ മതില്‍ തീര്‍ത്തശേഷം പ്രതിജ്ഞ എടുക്കും. വനിതാ മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമിക്കുന്നതിനും മറ്റും സൗകര്യമൊരുക്കും. വനിതാ മതിലിനു കൂടുതല്‍ പ്രചാരണങ്ങള്‍ നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. 

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണു ജില്ലയിലെ സംഘാടനത്തിന്റെ ചുമതല. ജില്ലാ കളക്ടര്‍ കണ്‍വീനറായിട്ടുള്ള സംഘാടക സമിതിക്കാണു രൂപം നല്‍കിയിട്ടുള്ളത്. ജില്ലാ സമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.മീനാറാണി, ഡിസ്ട്രിക്ട് വുമെന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എം.ലളിത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ.എം പ്രസീത, എന്‍വൈകെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷാഫി സലിം, വിവിധ സംഘടനാ ഭാരവാഹികളായ കൊട്ടറ വാസുദേവ്, എം.കേളുപണിക്കര്‍,ഇ.പത്മാവതി,കെ.പി ഗംഗാധരന്‍, എ.വേണുഗോപാല്‍, പി.കുഞ്ഞിരാമന്‍, അശോകന്‍ കുന്നൂച്ചി, കൃഷ്ണനായിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

 

മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 18ന് യോഗം

 

വനിതാ മതിലിനു മുന്നോടിയായി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഈ മാസം 18നു ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമാരുടെ യോഗം നടക്കും. ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഈ യോഗത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ എല്ലാവരും പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇതേദിവസം തന്നെ ഉച്ചയ്ക്ക് 12ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ നാഷണല്‍ സേവിംഗ് സ്‌കീം (എന്‍എസ്എസ്) മഹിളാ പ്രധാന്‍ ഏജന്റ്സ് ഭാരവാഹികള്‍,  എസ് സി - എസ് ടി പ്രോമോട്ടര്‍മാര്‍, നഴ്സിംഗ് മേഖലയിലെ പ്രതിനിധികള്‍, നഴ്സിംഗ് വിദ്യാര്‍ഥി പ്രതിനിധികള്‍, ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധികള്‍, ബാങ്കിംഗ് പ്രതിനിധികള്‍, കോളജ് ഡവലപ്പമെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡയറക്ടര്‍, ഐടിഐ-പോളിടെക്നിക് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു. 

വനിതാ മതിലുമായി ബന്ധപ്പെട്ട് ഈ മാസം 28ന് രാവിലെ ഒന്‍പതിനു റിവ്യു മീറ്റിംഗ് നടക്കുന്നമെന്നും കളക്ടര്‍ പറഞ്ഞു. സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തുവരും പങ്കെടുക്കാന്‍ കഴിയാതിരുന്നവരും ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും എത്രയാളുകളെ പങ്കെടുപ്പിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

 

date