Skip to main content

സര്‍ഗ്ഗ വിദ്യാലയം ജില്ലാതല ഉദ്ഘാടനം നടത്തി

 

 

 സമഗ്ര ശിക്ഷ കേരളയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സര്‍ഗ്ഗ വിദ്യാലയം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തരിയോട് എസ്.എ.എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷത വഹിച്ചു. 

വിദ്യാലയങ്ങളുടെ മികവ് ലക്ഷ്യമാക്കി ഓരോ വിദ്യാലയവും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ പ്രാദേശികമായി തയ്യാറാക്കിയ പദ്ധതികളാണ് സര്‍ഗ്ഗവിദ്യാലയം പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ചിന്തയിലൂടെ വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഏറ്റവും മികവാര്‍ന്ന അഞ്ച് പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് ജില്ലാതലത്തില്‍ അവസരം നല്‍കിയിരുന്നു. ഇവയില്‍ നിന്നും ജില്ലാതല വിദഗ്ധ സമിതി തെരഞ്ഞെടുത്ത 16 സ്‌കൂളുകളാണ് 'സര്‍ഗവിദ്യാലയം' പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

സമ്പൂര്‍ണ മാതൃഭാഷാ ശേഷി ആര്‍ജന പരിപാടിയായ 'മലയാളത്തിളക്കം' ബ്ലോക്ക് തല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ദേവകി നിര്‍വഹിച്ചു. സര്‍ഗ്ഗ വിദ്യാലയത്തിന്റെ ഫണ്ട് കൈമാറല്‍ ഡയറ്റ് ലക്ചറര്‍ കെ.ജെ. മോളി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യുവിനു നല്‍കി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിന്‍സി സണ്ണി ഡ്രോപ് ഔട്ട് ഫ്രീ വിദ്യാലയ പ്രഖ്യാപനം നടത്തി.  സ്‌കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ 'ഞങ്ങള്‍ രചിക്കുന്നു ഞങ്ങള്‍ മുന്നേറുന്നു' എന്ന പുസ്തകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പ്രഭാകരന്‍ പ്രകാശനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ്, ആര്‍എംഎസ്എ എപിഒ കെ ബാലകൃഷ്ണന്‍, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ എം.ഒ സജി, വൈത്തിരി എ.ഇ.ഒ രാജന്‍ തുണ്ടിയില്‍, ബി.പി.ഓമാരായ എ.കെ ഷിബു, കെ സത്യന്‍, കെ.ആര്‍ ഷാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപിക നിഷ ദേവസ്യ പ്രോജക്ട് അവതരിപ്പിച്ചു. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 സ്‌കൂളുകളെ പ്രതിനിധാനം ചെയ്ത് അഞ്ചു വിദ്യാലയങ്ങള്‍ പ്രോജക്ട് അവതരണവും നടത്തി.

date