Skip to main content

 പട്ടയമേള : ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പ് സഫലം

ആയിരത്തി അഞ്ഞൂറിലധികം ആളുകളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും കണ്ണീരിനും അറുതിയായി ജില്ലാതല പട്ടയമേള. പട്ടയമേളയില്‍ ആദ്യത്തെ  പട്ടയം മന്ത്രി ഇ ചന്ദ്രശേഖരന്റെ കൈയ്യില്‍ നിന്നും ഏറ്റ് വാങ്ങിയപ്പോള്‍ കൈവേലി സ്വദേശിനി പി.പി ചീരു എന്ന ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായത്. കൈകളിലേക്ക് എത്തിയ പട്ടയരേഖ നെഞ്ചോട് ചേര്‍ത്തപ്പോള്‍ നിറഞ്ഞ കണ്ണൂകള്‍ തുടക്കാന്‍ മകന്‍ അശോകന്‍ അവര്‍ക്കരികില്‍ തന്നെയുണ്ടായിരുന്നു. 70 വയസ്സിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ചീരു അമ്മ വീട്ടിലേക്ക് മടങ്ങിയത്. 
നിരന്തരമായി അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കിടയില്‍ നിന്നാണ് മേപ്പയ്യൂര്‍ സ്വദേശി സൂപ്പി പട്ടയം വാങ്ങാനെത്തിയത്. നടക്കാന്‍ ബുദ്ധിമുട്ടുണ്ടങ്കിലും പട്ടയം കിട്ടിയ സന്തോഷത്തിലാണ് സൂപ്പി. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് ചീരു അമ്മയും സൂപ്പിയും താമരശ്ശേരി സ്വദേശി തോമസും ഉള്‍പ്പടെയുള്ള ആയിരങ്ങള്‍ പട്ടയരേഖകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.
1504 പട്ടയങ്ങളാണ് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍  വിതരണം ചെയ്തത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചീരു അമ്മ കാലങ്ങളായി കൈവശാവകാശം കിട്ടിയ ഭൂമിയുടെ പട്ടയം  ഏറ്റുവാങ്ങിയത്. 

date