Skip to main content
വനിതാ മതിലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം. 

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ  പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു.
    ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ ലഭിക്കുന്നുണ്ടുവെന്ന് ഉറപ്പാക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്. സ്ത്രീ-പുരുഷ സമത്വവും പാലിക്കപ്പെടണം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീസമത്വം ഉറപ്പാക്കുന്നതിനുംവേണ്ടി നടത്തുന്ന വനിതാ മതിലില്‍ എല്ലാവിഭാഗത്തില്‍ നിന്നുമുള്ള വനിതകള്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ വിഭാഗം ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും ഒരു ലക്ഷത്തിലധികം വനിതകളെ ജില്ലയില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. 38 പഞ്ചായത്തുകളില്‍ നിന്നും മൂന്നു നഗരസഭകളില്‍ നിന്നുമായി കുറഞ്ഞത് 2500 പേരെ വീതം പങ്കെടുപ്പിക്കാന്‍ കഴിയും. 
    കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം മുതല്‍ കാലിക്കടവ് വരെ 44 കിലോമീറ്റര്‍ ദൂരത്തിലാണു ജില്ലയില്‍ വനിതാ മതില്‍ ഒരുക്കുന്നത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാകും പരിപാടി നടത്തുന്നത്. ജനുവരി ഒന്നിനു വൈകുന്നേരം നാലു മണിയോടെയാണ് വനിതകള്‍ അണിനിരക്കുന്നത്. 3.45ന് റിഹേഴ്‌സല്‍ നടക്കും. പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ 3.30 നകം എത്തിച്ചേരണം. നാലുമണിക്ക് വനിതാ മതില്‍ തീര്‍ത്തശേഷം പ്രതിജ്ഞ എടുക്കും. വനിതാ മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമിക്കുന്നതിനും മറ്റും സൗകര്യമൊരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
    വനിതാ മതിലിനു മുന്നോടിയായി കളക്ടറേറ്റില്‍ നാഷണല്‍ സേവിംഗ് സ്‌കീം (എന്‍എസ്എസ്) മഹിളാ പ്രധാന്‍ ഏജന്റ്സ് ഭാരവാഹികള്‍,  എസ്‌സി - എസ്ടി പ്രോമോട്ടര്‍മാര്‍, നഴ്സിംഗ് മേഖലയിലെ പ്രതിനിധികള്‍, നഴ്സിംഗ് വിദ്യാര്‍ഥി പ്രതിനിധികള്‍, ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധികള്‍, സഹകരണ ബാങ്കിംഗ് പ്രതിനിധികള്‍, കോളജ് ഡവലപ്പമെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡയറക്ടര്‍, ഐടിഐ-പോളിടെക്നിക് പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണു ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.  

date