Skip to main content

ഓരുവെള്ളത്തിന്റെ തോതനുസരിച്ച് തണ്ണീർമുക്കം ബണ്ട് അടയ്ക്കും

 

 

ആലപ്പുഴ: വേമ്പനാട്ടുകായലിലെ വെള്ളത്തിന്റെ ലവണാംശം നിശ്ചിതതോതിലെത്തുമ്പോൾ തണ്ണീർമുക്കം ബണ്ട് അടയ്ക്കാൻ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കളക്ടറേറ്റിൽ ജില്ലാ കളക്ടർ റ്റി.വി. അനുപമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. 

 

നിലവിൽ കൃഷിയെ ബാധിക്കുന്ന നിലയിൽ ലവണാംശമില്ലെന്നും .24 മില്ലോമീസാണ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ. പ്രേംകുമാർ പറഞ്ഞു. ലവണാംശം രണ്ടു മില്ലീമോസിൽ കൂടിയാലേ കൃഷിയെ ബാധിക്കൂ. ഓരുവെള്ളത്തിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കും. നിശ്ചിത തോതിലെത്തിയാലുടൻ ബണ്ട് അടയ്ക്കും. ഒരു ദിവസം കൊണ്ട് ഷട്ടറുകൾ അടയ്ക്കാനാകുമെന്ന് മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.   

 

തണ്ണീർമുക്കം ഡിവിഷനു കീഴിലുള്ള ഓരുമുട്ടുകൾ ഭൂരിഭാഗവും പൂർത്തീകരിച്ചതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.പി. ഹരൺബാബു പറഞ്ഞു. ചെങ്ങന്നൂർ ഡിവിഷനുകീഴിൽ 38 എണ്ണം പൂർത്തീകരിച്ചു. കായംകുളം, ഹരിപ്പാട്, പുളിക്കീഴ് എന്നിവിടങ്ങളിലെ ഓരുമുട്ടുകൾ പൂർത്തീകരിച്ചു. കുട്ടനാട്ടിലെ ജലാശയങ്ങൾ മലിനമായതായും കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സൂചിപ്പിച്ചു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ജയലാൽ, ബാബു കുറുപ്പശേരിൽ, ജോർജ് മാത്യു, കെ.ജെ. സെബാസ്റ്റിയൻ, ഡി. മഞ്ജു, വി.വി. ഷീല, ടെസി ജോസ്, സാബു തോട്ടുങ്കൽ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.പി. മധു, മത്സ്യത്തൊഴിലാളി സംഘടന നേതാക്കളായ എൻ.ആർ. ഷാജി, മിനി രാജേന്ദ്രൻ, വി.കെ. ചന്ദ്രബോസ്, ഡി. സുനേഷ്, രഞ്ജിത്ത് ശ്രീനിവാസ്, എം.കെ. രാജു, കെ.വി. മനോഹരൻ, എസ്. വാസവൻ, കെ.എം. ലക്ഷ്മണൻ, സി. ഗോപിനാഥ്, ഇറിഗേഷൻ മെക്കാനിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ബിജോയ് എന്നിവർ പങ്കെടുത്തു.

 

ചിത്രവിവരണം 

 

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ കൂടിയ ഉപദേശക സമിതി യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമ സംസാരിക്കുന്നു. 

 

 (പി.എൻ.എ.2982/17)

date