Skip to main content

രോഗാസുരനെ വധിച്ച കേരളരാജകുമാരന്‍ യക്ഷഗാനം ശ്രദ്ധേയമായി

കൃഷിയിടങ്ങളില്‍ കീടങ്ങളെ പരത്തി  കേരളത്തിലെ കാര്‍ഷിക സംസ്‌കൃതിക്ക് സര്‍വ്വനാശം വരുത്താനൊരുങ്ങിയ രോഗാസുരനെ വധിച്ച കഥയുമായി അവതരിപ്പിച്ച യക്ഷഗാനം പുതുമയുളളതായി. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ബോധവല്‍ക്കരണത്തിനായി യക്ഷഗാനം അരങ്ങേറിയത്. ആഡൂര്‍ മാട്ടവയല്‍ ശ്രീ ചിന്മയെ യക്ഷഗാനകലാനിയമാണ് മലയാളത്തില്‍ യക്ഷഗാനം അവതരിപ്പിച്ചത്. ഗ്രൂപ്പുലീഡര്‍ നാരായണന്‍ മാട്ടാവയല്‍ രചിച്ച് അവതരിപ്പിച്ച യക്ഷഗാനത്തില്‍ കേരളവര്‍മ്മരാജാവായി  നാരായണന്‍ മണിയാണി മൂലയടുക്കയും രാജകുമാരനായി പ്രവീണ്‍ കുണ്ടംകുഴിയും രോഗാസുരനായി കമലാക്ഷന്‍ ആദൂറും ദൂതനായി സുന്ദര്‍ പെര്‍ളയും അരങ്ങിലെത്തി. ശിവദാസ് കുണ്ടാര്‍ ചെണ്ടയും കൃഷ്ണനായിക് ബദിയടുക്ക മൃദംഗവും പക്കമേളക്കാരായി.  വേഷം ഒരുക്കിയത് ഗോപാലന്‍ മാട്ടവയലായിരുന്നു. വാട്ടര്‍ മാനേജ്‌മെന്റ്‌ഡെപ്യൂട്ടി ഡയറക്ടര്‍  എസ് സുഷമ സംസാരിച്ചു. കേരളത്തില്‍  രാസവളത്തിന്റെയും കീടനാശിനിയുടെയും അമിതമായ പ്രയോഗം കാരണം കൃഷി നശിക്കുകയും മണ്ണിന്റെ ഉല്‍പപാദനശേഷി നഷ്ടപ്പെടുകയും ചെയ്തതിനാല്‍ രോഗാസുരന്‍ തിമിര്‍ത്താടി നാശം വിതയ്ക്കുന്നതും രോഗാസുരനാല്‍ പൊറുതിമുട്ടിയ കേരളവര്‍മ്മ രാജാവ് മകനെ എതിരിടാനയക്കുന്നതുമാണ് കഥ. ഒടുവില്‍ ജൈവകൃഷിയെന്ന ആയുധം പ്രയോഗിച്ച് നാട്ടിലെ കാര്‍ഷിക ഉല്‍പ്പാദനശേഷി വീണ്ടെടുക്കുന്നതുമാണ് പ്രമേയം.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യക്ഷഗാനം വീക്ഷിക്കാന്‍ ജീവനക്കാരും പൊതുജനങ്ങളുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.
 

date