Skip to main content

പ്രളയാനന്തര പുനർനിർമാണം ജില്ലയിൽ ഭവനനാശം സംഭവിച്ച 53,385ഗുണഭോക്താക്കൾക്ക്  ധനസഹായം 

ആലപ്പുഴ: പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ മാസം ഫെബ്രുവരി 18 വരെ ഭവനനാശം സംഭവിച്ച 53,385 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭ്യമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

റീബിൽഡ് കേരള സർവ്വേയിൽ ഉൾപ്പെട്ട 75 ശതമാനത്തിന് മുകളിൽ പൂർണ്ണമായി ഭവനനാശം സംഭവിച്ചുവെന്ന് സംയുക്തപരിശോധനയിൽ കണ്ടെത്തിയ 1162 അപേക്ഷകരെ 4 ലക്ഷം രൂപ നൽകി പുതിയ വീട് വെച്ച് നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. ഇവരിൽ 800 ഗുണഭോക്താക്കൾക്ക് ആദ്യഗഡുവും ആദ്യഘട്ടം പൂർത്തീകരിച്ച 239 പേർക്ക് രണ്ടാംഘട്ട ധന സഹായവും ജില്ലയിൽ നൽകിക്കഴിഞ്ഞു.

15 ശതമാനം ഭവനനാശം സംഭവിച്ച 30,472 അപേക്ഷകരിൽ 28956 പേർക്കും, 16 ശതമാനം മുതൽ 29 ശതമാനം വരെ ഭവനനാശം സംഭവിച്ച 17466 പേരിൽ 17056 ഗുണഭോക്താ ക്കൾക്കും 30 ശതമാനം മുതൽ 59 ശതമാനം വരെ ഭവനനാശം സംഭവിച്ച 9252 പേരിൽ 4771 പേർക്കും, 60 ശതമാനം മുതൽ 74 ശതമാനം വരെ ഭവനനാശം സംഭവിച്ച 3737 പേരിൽ 1688 പേർക്കും ധനസഹായം നൽകിയിട്ടുള്ളതാണ്.

കൂടാതെ കോപ്പറേറ്റീവ് വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന കെയർഹോം പദ്ധതി പ്രകാരം 199 അപേക്ഷകൾ ലഭിച്ചതിൽ ആവശ്യമായ രേഖകൾ ഹാജരാക്കിയ 114 പേർക്ക് ആദ്യഗഡു നൽകി വീട് പണി ആരംഭിച്ചിട്ടുള്ളതാണ്. സ്‌പോൺസർഷിപ്പിലൂടെ 167 വീടുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിർമ്മാണം നടന്നു വരുന്നു.

പ്രളയത്തിൽ പൂർണ്ണമായി ഭവനനാശം സംഭവിക്കുകയും വീടുകൾ വാസയോഗ്യമല്ലാതായതിനെ തുടർന്ന് ബന്ധുവീടുകളിൽ അഭയം പ്രാപിക്കുകയും ഷെഡുകെട്ടി താമസിക്കുകയും ചെയ്യുന്നവർ റീബിൽഡ് ആപ്പിൽ ഉൾപ്പെടാതിരിക്കുന്നുവെന്നും അപ്പീൽ നൽകിയിട്ടും നാളിതുവരെ ധനസഹായം ലഭിച്ചിട്ടില്ലായെന്നും 100 ശതമാനം നാശനഷ്ടമുണ്ടായ പലരും ഇനിയും അപ്പീൽ നൽകിയിട്ടില്ലായെന്നുമുള്ള കാരം ഇപ്പോൾ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2019 ഫെബ്രുവരി 4, 5, 6 തീയതികളിൽ താലൂക്ക് തലത്തിൽ ജില്ലാ കളക്ടർ നേരിട്ടു നടത്തിയ റീബിൽഡ് റിവ്യൂ മീറ്റിംഗുകളിൽ നിർദ്ദേശിച്ചതുപ്രകാരം പൂർണ്ണഭവനനാശം സംഭവിച്ചതും ആപ്പിൽ ഉൾപ്പെടാതിരുന്നതുമായ കേസുകൾ പല പഞ്ചായത്ത് /മുൻസിപ്പാലിറ്റി ലിസ്റ്റ് അപ്പീൽ

അധികാരിയായ ഡെപ്യൂട്ടി കളക്ടർ (ഡി.എം.) നെ ഏൽപ്പിച്ചിട്ടില്ലായെന്ന് ശ്രദ്ധയിൽപ്പെട്ടു. 

ഈ സാഹചര്യത്തിൽ ഈ റിപ്പോർട്ട് മുൻനിശ്ചയിച്ച മാതൃകയിൽ ഫെബ്രുവരി  21ന് വൈകുന്നേരം 3 മണിയ്ക്കു മുൻപായി അതാതുതാലൂക്ക് ഓഫീസിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തഹസിൽദാർമാർ റിപ്പോർട്ട് പരിശോധിച്ച് 25ന് വൈകുന്നേരം 3 മണിയ്ക്ക് മുൻപായി അപ്പീൽ അധികാരിയെ ഏൽപ്പിക്കണം. അപ്പീൽ അധികാരി ജില്ലാ തലസമിതി കൂടി ഈ കേസുകൾ തീർപ്പാക്കി 28ന്  ആദ്യഗഡു വിതരണംചെയ്യുവാൻ നടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. 

 

വസ്തുവിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതും പൂർണ്ണഭവനനാശം സംഭവിച്ചതുമായ കേസുകളിൽ അപേക്ഷകരുടെ സമ്മതപത്രവും മറ്റുരേഖകളും പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിമാർ ശേഖരിച്ച് തഹസിൽദാർ മുഖേന അപ്പീൽ അധികാരിയെ ഏൽപ്പിക്കുന്ന മുറയ്ക്ക് ക്ലസ്റ്റർഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും. ക്ലസ്റ്റർവീടുകൾക്ക് ആവശ്യമായ 53 സെൻറ് വസ്തു ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. നാളിതുവരെ 16 പേരുടെ അപേക്ഷകൾ ഈ പദ്ധതി യിൽ ലഭിച്ചിട്ടുണ്ട്.പ്രസ്തുത പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഓരോ ഡെപ്യൂട്ടി കളക്ടർമാരെ താലൂക്കുതലത്തിൽ ചാർജ്ജ് ഓഫീസർമാരായി നിയോഗിച്ചിരുന്നു. കുട്ടനാട് - സബ് കളക്ടർ, ആലപ്പുഴ, അമ്പലപ്പുഴ-എ.ഡിഎം, ചേർത്തല- ഡെപ്യൂട്ടി കളക്ടർ എൽ.ആർ, കാർത്തികപ്പള്ളി-ഡെപ്യൂട്ടി കളക്ടർ എൽ .എ,  ചെങ്ങന്നൂർ -ആർ.ഡി.ഒ ചെങ്ങന്നൂർ, മാവേലിക്കര- ഡെപ്യൂട്ടി കളക്ടർ ഡി .എം. എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.  മേൽവിവരിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ചാർജ്ജ് ഓഫീസർ മാർ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി.  ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും അതാതു താലൂക്ക് തല ചാർജ് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്.

 

റീബിൽഡ് ആപ്പിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കുമുമ ധനസഹായവിതരണം ഫെബ്രുവരി 21 നു മുൻപായി പൂർത്തിയാക്കും. ബാക്കിയുള്ള എല്ലാ അപ്പീലുകളിന്മേലും പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർമാർ മുഖേന അർഹരായ എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും ധനസഹായം എത്തിക്കും. അർഹരായവർ ഒഴിവാകാത്തവിധത്തിൽ അപ്പീലുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തീർപ്പാക്കുന്നതിന് ജനപ്രതിനിധികളുടെ പൂർണ്ണപിന്തുണ നൽകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

 

date