Skip to main content

പുതു വോട്ടര്‍മാരെ തേടി  കലാലയങ്ങളിലൂടെ  സ്വീപ്

 

 

        വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാം. ആദിവാസി കോളനികളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വീപ് ബോധവല്‍ക്കരണം പുതു വോട്ടര്‍മാരെ തേടി കലാലയങ്ങളിലേക്കും സഞ്ചരിക്കുകയാണ്. വോട്ടിങ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍ കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താലൂക്ക് അടിസ്ഥാനത്തിലും സ്വീപ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ അറിയേണ്ട കാര്യങ്ങളും സുതാര്യമായ വോട്ടിങ് നടപടിക്രമങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപാറ്റ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിചയപ്പെടുത്തും. വോട്ടര്‍മാരുടെ ഉത്കണ്ഠയും സംശയവും നിവാരണം ചെയ്തു വോട്ടിങ് കൂടുതല്‍ സൗഹൃദമാക്കുകയാണ് സ്വീപ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.       

        മാനന്തവാടി മേരിമാതാ കോളജിലും കല്‍പ്പറ്റ എംഇഎസ് വിമന്‍സ് കോളജിലും സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കി. ഇരു കലാലയങ്ങളില്‍ നിന്നുമായി മുന്നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. വോട്ടിങ് പ്രക്രിയ പരിചയപ്പെട്ട പുതുവോട്ടര്‍മാര്‍ക്കും സ്വീപ് ആവേശമായി. 

      വിവിധ പരിപാടികളിലായി സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ എന്‍.ഐ ഷാജു, കളക്ടറേറ്റ് സീനിയര്‍ സുപ്രണ്ട് ഇ. സുരേഷ് ബാബു, മാനന്തവാടി മേരിമാതാ കോളജ് പ്രിന്‍സിപ്പാള്‍ സാവിയോ ജെയിംസ്, കല്‍പ്പറ്റ എംഇഎസ് വിമന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ശ്രീജ രാധാകൃഷ്ണന്‍, സ്വീപ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ബിന്ദു, ഉമ്മറലി പാറച്ചോടന്‍, വില്ലേജ് ഓഫീസര്‍ രാകേഷ്, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ, മറ്റു തെരഞ്ഞെടുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നു (മാര്‍ച്ച് 20) രാവിലെ 10.30ന് സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളജിലും 11ന് കോ-ഓപറേറ്റീവ് കോളജിലും സ്വീപ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടക്കും. 

date