Skip to main content

മുഴുവന്‍ സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഈ വര്‍ഷം പൂര്‍ത്തിയാക്കും

 

മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിനാറ് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 39 സ്‌കൂളുകളുമാണ് ആദ്യ രണ്ടു ഘട്ടങ്ങളിലായി മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ പുറത്തൂര്‍, നന്നമുക്ക്, താനൂര്‍ദേവദാര്‍, മക്കരപ്പറമ്പ് എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസം തന്നെ പൂര്‍ത്തിയാവും. വേങ്ങര, കല്‍പകഞ്ചേരി, കുഴിമണ്ണ, പാണ്ടിക്കാട് സ്‌കൂളുകളുടെ 50% ത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇവ സെപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. തുവ്വൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പേരശ്ശന്നൂര്‍, പെരുവള്ളൂര്‍, നിലമ്പൂര്‍, കൊണ്ടോട്ടി, മലപ്പുറം സ്‌കൂളുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലാത്തതിനാല്‍ കരാറുകാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ മാറഞ്ചേരി, വണ്ടൂര്‍ സ്‌കൂള്‍ സെപ്തംബറിലും എടപ്പാള്‍, മഞ്ചേരി, പുതുപ്പറമ്പ്, കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി സ്‌കൂളുകള്‍ ഡിസംബറിലും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കരുവാരക്കുണ്ട്, വാണിയമ്പലം, തിരുവാലി, അഞ്ചച്ചവിടി, പുലാമന്തോള്‍, കുന്നക്കാവ് എന്നീ സ്‌കൂളുകളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കരാറുകാരെ തെരഞ്ഞെടുത്തിട്ടുണ്ട്. വാഴക്കാട്, ചാലിയപ്പുറം, കൊട്ടപ്പുറം, കാരക്കുന്ന്, നെല്ലിക്കുത്ത്, എടക്കര, മൂത്തേടത്ത്, പൂക്കോട്ടുംപാടം, പുല്ലങ്കോട് സ്‌കൂളുകള്‍ റീ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 25-നാണ് അവസാന തീയതി. പൊന്‍മുണ്ടം സ്‌കൂളുകളുടെ ഡി.പി.ആര്‍ പുതുക്കേണ്ടതുണ്ട്. കടുങ്ങപുരം, നിറമരൂതൂര്‍, തിരൂര്‍ സ്‌കൂളുകള്‍ ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയന വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂ ളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി www.kite.kerala.gov.in ല്‍ ലഭ്യമാണ്.

 

date