Skip to main content

പ്രളയ ദുരിതാശ്വാസം: പത്രവാര്‍ത്ത അടിസ്ഥാനരഹിതം - കളക്ടര്‍

    കൊച്ചി: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള അപ്പീലുകള്‍ കളക്ടറേറ്റില്‍ തീരുമാനമെടുക്കാതെ കെട്ടിവച്ചിരിക്കുന്നതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശാനുസരണം ജനുവരി 31 വരെ കളക്ടറേറ്റില്‍ അപ്പീലുകള്‍ സ്വീകരിച്ചിരുന്നു. ഇവയില്‍ എഞ്ചിനീയര്‍മാരുടെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
    ഫെബ്രുവരി ഒന്നു മുതല്‍ ലഭിച്ച അപ്പീലുകള്‍ കളക്ടറേറ്റില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ജൂണ്‍ 21ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഈ ജൂണ്‍ 30 വരെ തദ്ദേശസ്ഥാപനങ്ങളില്‍ അപ്പീലുകള്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിലെ നിര്‍ദേശപ്രകാരം മാര്‍ച്ച് 31 വരെ കളക്ടറേറ്റില്‍ ലഭിച്ചിട്ടുള്ള അപ്പീലുകള്‍ നടപടിക്രമം അനുസരിച്ച് പരിശോധിക്കുന്നതിനും അര്‍ഹതയുള്ളവര്‍ക്ക് തുക അനുവദിച്ച് തീര്‍പ്പാക്കുന്നിനും അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പ്രളയാനന്തര പുനഃനിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ജില്ലയില്‍ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
    കളക്‌ടേറ്റിലെ ശുചിമുറിക്ക് സമീപത്താണ് അപേക്ഷകള്‍ ചാക്കില്‍ കെട്ടി തള്ളിയിരിക്കുന്നതെന്ന പത്രവാര്‍ത്തയിലെ ആരോപണവും തെറ്റാണ്. കളക്ടറേറ്റ് ഭരണനിര്‍വഹണ വിഭാഗത്തോടു ചേര്‍ന്നാണ് ശുചിമുറികളുള്ളത്. ഇതിന് സമീപം തന്നെ തപാല്‍, ഡെസ്പാച്ച്, ഫെയര്‍കോപ്പി വിഭാഗങ്ങളുമുണ്ട്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് ക്രമപ്രകാരം അടുക്കി കെട്ടുകളാക്കി സൂക്ഷിച്ചത്. നിശ്ചിത സമയപരിധിക്കു ശേഷം ലഭിച്ച അപേക്ഷകള്‍ നഷ്ടപ്പെടുകയോ കേടുപാടു സംഭവിക്കുകയോ ചെയ്യാതെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിലെ അപേക്ഷകള്‍ അര്‍ഹതപ്രകാരം വേര്‍തിരിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു

date