Skip to main content

ജില്ല പദ്ധതി തയാറാക്കല്‍ അന്തിമഘട്ടത്തിലേക്ക്

 

കാക്കനാട്: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ജില്ല പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ജില്ല പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്നു. ജില്ല പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള 24 ഉപസമിതികളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സംയോജന സാധ്യതകളും വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഭരണനിര്‍ദേശങ്ങളുടെ അന്തിമരൂപം തയാറാക്കുക. ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഉപസമിതികളോട് നിര്‍ദേശിച്ചു. പദ്ധതി റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ജനുവരി 23 നു മുന്‍പ് സംസ്ഥാന ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് സംസ്ഥാനതല അവതരണവും നടക്കും. ഇതിനു ശേഷമാകും സംസ്ഥാന കൗണ്‍സിലിന്റെ അന്തിമ അനുമതി ലഭിക്കുക. റോജി ജോണ്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, ഡിപിസി നോമിനി മാര്‍ട്ടിന്‍ പാട്രിക്, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date