Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ 1/1/99 മുതല്‍ 20.11.19 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍കാര്‍ഡില്‍ റിന്യൂവല്‍ 10/98  മുതല്‍ 08/19 വരെ രേഖപ്പെടുത്തുതിയിട്ടുള്ളവര്‍ ) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിന് ശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും  തനതു സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ അവസരം നല്‍കി ഉത്തരവായി. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ, ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും,  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും  ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

 ശിക്ഷാ നടപടിയുടെ ഭാഗമായോ മന:പൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍  2020 ജനുവരി 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  

 

 

date