Skip to main content

ദൃശ്യാനുഭവത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ സിനിമാ പഠനം തുടങ്ങി

 

സ്്കൂളുകളില്‍ ഹൈടെക് ക്ലാസ്സ് മുറികള്‍ തയ്യാറായ സാഹചര്യത്തില്‍ ദൃശ്യാനുഭവത്തിലൂടെ പഠനം മികവുറ്റതാക്കാന്‍ അധ്യാപകര്‍ സിനിമാ പഠനം തുടങ്ങി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജി അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ആറു ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടി പ്രശസ്ത സിനിമ സംവിധായകന്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു. നല്ല സിനിമയും കാഴ്ചാനുഭവവും ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കലാസ്വാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അധ്യാപകരുടെ സര്‍ഗ്ഗാത്മകത പ്രകടമാക്കുന്നതിനും പരിശീലനം വഴിയൊരുക്കും. കലാപരമായ സിദ്ധികളും ദീര്‍ഘ വീക്ഷണവുള്ള അധ്യാപകര്‍ക്ക് ഈ മേഖലയിലെ കൂടുതല്‍ സാങ്കേതിക സഹായം  ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. 

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആര്‍.ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടര്‍ ഡോ.കെ.അമ്പാടി, രജിസ്ട്രാര്‍ മോഹന്‍ എബ്രഹാം,ഡീന്‍ ചന്ദ്രമോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഇ.റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  ഡയറക്ടര്‍ ബി.അബുരാജ് വിശദീകരിച്ചു.

പഠിക്കാന്‍  പ്രയാസമുള്ള പാഠഭാഗങ്ങള്‍  കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള ലഘുചിത്രങ്ങള്‍  തയ്യാറാക്കുന്നതിനുള്ള  പരിശീലനമാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. മൊബൈല്‍ ഫോണും ഡൗണ്‍ലോഡു ചെയ്‌തെടുക്കാവുന്ന സോഫ്റ്റ് വെയറുകളുമുപയോഗിച്ചാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുക.   വിവിധ ബാച്ചുകളിലായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ പരിശീലനത്തില്‍  ദൃശ്യാ-ശ്രവ്യ ഉള്ളടക്കം തയ്യാറാക്കല്‍, ഷൂട്ടിംഗ്, എഡിറ്റിംഗ്, ശബ്ദമിശ്രണം, അനിമേഷന്‍ എന്നിവ സംബന്ധിച്ച ക്ലാസ്സകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും സിനിമാ വിദഗ്ധരുമായ ശംഭു പുരുഷോത്തമന്‍, വിനോദ് വീരകുമാര്‍, രമേഷ് രാമകൃഷ്ണന്‍, അന്‍സാര്‍ ചോന്നാട്ട്, രഞ്ജിത് ജനാര്‍ദ്ധനന്‍, അമലേഷ് വിജയന്‍, കെ.ആര്‍.രാഹുല്‍ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹക ഫൗസിയ ഫാത്തിമയാണ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍.

(കെ.ഐ.ഒ.പി.ആര്‍-751/18)

date