Skip to main content

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പാക്കാന്‍ തീവ്രയജ്ഞ പദ്ധതി

 

ജില്ലയില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളുടെ വിവര ശേഖരണവും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന തൊഴില്‍ വകുപ്പ്' ആവാസ്' എന്ന പേരില്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ തീവ്രയജ്ഞ പദ്ധതി തുടങ്ങി. ജില്ലയില്‍ ഇതുവരെ 16000 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  ആവാസ് കാര്‍ഡ് നല്‍കിയതിന് പിന്നാലെയാണ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചത്. പദ്ധതി പ്രകാരം കേരളത്തില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ആനുകൂല്യം. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിവര്‍ഷം 15000 രൂപയുടെ സൗജന്യ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും. ഇതിന് പുറമെ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ട്. തദ്ദേശ ഭരണം, ആരോഗ്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ ഏകീകൃത ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് കാര്‍ഡാണ് തൊഴിലാളികള്‍ക്ക് അനുവദിക്കുന്നത്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വിവിധ സ്വകാര്യ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള വേതന സുരക്ഷാ പദ്ധതിയും ഇതിനകം ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം 617 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ജില്ലയില്‍ മൊത്തം 7773 ജീവനക്കാര്‍ക്ക് ശബളം ബാങ്ക് മുഖേന നല്‍കി വരികയുമാണ്.

 

date