Skip to main content

നമ്പ്യാര്‍ക്കല്‍ ഉപ്പുവെള്ള പ്രതിരോധ അണക്കെട്ടും  ട്രാക്ടര്‍വേയും നാടിന് സമര്‍പ്പിച്ചു 

 ജില്ലയിലെ പ്രധാന ചെറുകിട ജലസേചന പദ്ധതിയായ  നമ്പ്യാര്‍ക്കല്‍ ഉപ്പുവെള്ള പ്രതിരോധ അണക്കെട്ട് മന്ത്രി മാത്യു ടി.തോമസ് നാടിന് സമര്‍പ്പിച്ചു.  അറബിക്കടലില്‍ നിന്നും  വേലിയേറ്റ സമയത്ത് നീലേശ്വരം പുഴയിലൂടെ കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി  നശിക്കുന്നത് തടയാനും മറ്റു കൃഷികള്‍ക്കും കുടിവെള്ളത്തിനും ആവശ്യമായ ശുദ്ധജലം സംഭരിക്കുന്നതും ഇതിലൂടെ സാധ്യമാണ് .  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പുതുക്കൈ, ഉപ്പിലിക്കൈ, മധുരംകൈ, മോനാച്ച, അരയി, പടക്കാട്, ചാത്തംപള്ളിവയല്‍, പറക്കാട്ടുവയല്‍, നീലം കരവയല്‍ എന്നി  പ്രദേശങ്ങളിലെ  ഉപ്പ് വെളള പ്രശ്നത്തിന്  ഇത്തിലൂടെ പരിഹാരമായി .  
ജില്ലയിലെ പ്രധാന നെല്ലറയായ കാരാട്ടു വയലിലേക്ക് കൃഷിക്കാവശ്യമായ വെള്ളം സംഭരിച്ചു നല്‍കുന്നത് ഈ പദ്ധതിയിലൂടെയാണ്.  256 ഹെക്ടര്‍  കൃഷിസ്ഥലമാണ് ഇതുവഴി സംരക്ഷിക്കപ്പെടുന്നത്. നാല് കിലോമീറ്ററോളം ദൂരത്തില്‍ ജലസംഭരണശേഷിയുള്ള ഈ പദ്ധതി, കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്ന  ജലസമ്പത്തിനെ പിടിച്ചുനിര്‍ത്തുന്നതിനും കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനും ഭൂഗര്‍ഭ ജല സംഭരണശേഷി ഉയര്‍ത്തുന്നതിനും സഹായിക്കുന്നു..
1964 ല്‍ നിര്‍മ്മിച്ച  അണക്കെട്ട് കൊണ്ട്, കാലപ്പഴക്കത്താല്‍    നിര്‍മ്മാണോദ്ദേശ്യം പൂര്‍ണ്ണമായും നടക്കാതെ വന്നതിനാലാണ് പുനരുദ്ധാരണവും ഗതാഗത സൗകര്യത്തിനായി പുതിയ ട്രാക്ടര്‍വേയുടെ നിര്‍മ്മാണവും നടത്തിയത്.  2011 ഒക്ടോബര്‍ 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 6.20 കോടിയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതി 2014 ഏപ്രില്‍ 20 ന് ആരംഭിക്കുകയും 2016 ഏപ്രില്‍ 30 ന് പൂര്‍ത്തിയാക്കുകയും ചെയ്തു.  പ്രമുഖ കരാറുകാരനായ  എം. ശ്രീകണ്ഠന്‍ നായരാണ് ഈ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.  
ഉപ്പുവെള്ള പ്രതിരോധം, ജലസേചനം, കുടിവെള്ളം കൂടാതെ നീലേശ്വരം, പുതുക്കൈ, ബല്ല വില്ലേജുകളില്‍പെട്ട പ്രദേശവാസികളുടെ റോഡ് ഗതാഗത സൗകര്യം എന്നി  ഉദ്ദേശ ലക്ഷ്യങ്ങള്‍ ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായി. പദ്ധതിയുടെ ഭാഗമായ 70 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വീതിയുമുള്ള ട്രാക്ടര്‍ വേ പൂര്‍ത്തിയായതോടെ  നീലേശ്വരം, മടിക്കൈ, കിനാനൂര്‍-കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ കാഞ്ഞങ്ങാട് പട്ടണത്തിലേക്കുള്ള യാത്രാദൈര്‍ഘ്യം എട്ടു കിലോമീറ്ററോളം കുറഞ്ഞിരിക്കുകയാണ്.    
ഈ പ്രവൃത്തിയുടെ സിവില്‍ വര്‍ക്കിന് 549.5 ലക്ഷം രൂപയും മെക്കാനിക്കല്‍ വര്‍ക്കിന് 36.94 ലക്ഷം രൂപയും കൂടി മൊത്തം 586.44 ലക്ഷം രൂപ ചെലവായിട്ടുണ്ട്.  മെക്കാനിക്കല്‍ ഷട്ടറുകളുടെ പ്രവര്‍ത്തനം യന്ത്രവല്‍ക്കരിക്കുന്നതിന്  5.6 ലക്ഷം രൂപയുടെ ഭരണാനുമതി   ലഭിച്ചിട്ടുണ്ട്.
ട്രാക്ടര്‍വേയുടെ  ഇരുകരകളിലുമുള്ള അപ്രോച്ച് റോഡ് 20 ലക്ഷം രൂപ ചെലവില്‍ 2016-17 ഫ്ളഡ് റിലീഫ് ഫണ്ടില്‍പെടുത്തി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുഖേന പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.  നമ്പ്യാര്‍ക്കല്‍ അണകെട്ട് പരിസരത്ത് നടന്ന ചടങ്ങില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി മുഖ്യാതിഥി ആയിരുന്നു. ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ.പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ്  ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ,കൗണ്‍സിലര്‍മാരായ എ സൗമിനി, അബ്ദുള്‍ റസാഖ് തായലകണ്ടി, കെ.വി.സരസ്വതി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ സ്വാഗതവും ചെറുകിട ജലസേചന വിഭാഗം എക്‌സികുട്ടീവ് എഞ്ചിനീയര്‍ കെ.എന്‍ സുഗുണന്‍ നദിയും പറഞ്ഞു. 
 

date