Skip to main content

സാക്ഷരത: മാതൃകാ മുന്നേറ്റവുമായി ജില്ല -വൈവിധ്യം പകര്‍ന്ന് അക്ഷര സാഗരവും അക്ഷരലക്ഷവും ചങ്ങാതിയും

 

സാക്ഷരതാ തുല്യതാ പരിപാടിയില്‍ സംസ്ഥാന തലത്തില്‍ തന്നെ മാതൃകാപരമായ മുന്നേറ്റമാണ് രണ്ടു വര്‍ഷത്തിനിടെ ജില്ല നടത്തിയത്. അക്ഷര സാഗരം, അക്ഷരലക്ഷം, ചങ്ങാതി തുടങ്ങിയ വിത്യസ്ത പദ്ധതികള്‍ക്കൊപ്പം ഭിന്നലിംഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതിയും ഏറെ ശ്രദ്ധേയമായി മാറി. നാല്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ തുല്യത പഠനം നടന്നു വരുന്നു. പത്താം തര തുല്യത പരിപാടിയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളുള്ളത് ജില്ലയിലാണ്. നിലവില്‍ 65 പഠന കേന്ദ്രങ്ങളിലായി 5474 പേര്‍ പഠിക്കുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ് വണ്ണില്‍ 4331 പേരും പ്ലസ്ടുവില്‍ 1324 പേരും പഠിക്കുന്നു. പതിവു പദ്ധതികള്‍ക്കപ്പുറത്ത് മികച്ച മാതൃകകള്‍ സമ്മാനിക്കാന്‍ ജില്ലാ സാക്ഷരതാ മിഷനു സാധിച്ചു.
    ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷര സാഗരം പദ്ധതി സംസ്ഥാന തലത്തില്‍ മലപ്പുറം ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഒന്നാംഘട്ടം നടന്നു വരുന്നത്. ഇതിലൂടെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പ്രത്യേക സാക്ഷരത തുല്യത, നാലാം തരം പഠനം നടപ്പിലാക്കി. പെരുമ്പടപ്പ്, വെളിയങ്കോട്, വെട്ടം പഞ്ചായത്തുകളിലായി 760 പേര്‍ പദ്ധതിയിലൂടെ സാക്ഷരരായി. വള്ളിക്കുന്ന്, പുറത്തൂര്‍, മംഗലം, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 625 പേര്‍ നാലാം തരം തുല്യത നേടി.  ഇവര്‍ക്കു തുടര്‍ പഠന സൗകര്യവുമുണ്ട്. പഠന സൗകര്യത്തോടൊപ്പം ആരോഗ്യ ബോധവല്‍ക്കരണ, രോഗനിര്‍ണ്ണയ ക്യാംപുകളും നടത്തി.    
    ഭിന്നലിംഗക്കാരെ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നടത്തിയ സര്‍വ്വെയില്‍ 31 പേരെ കണ്ടെത്താനായി. പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടിയാണ് പഠന സൗകര്യമൊരുക്കുന്നത്. തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, പൊന്നാനി ജയിലുകളില്‍ തടവുകാര്‍ക്കായി പ്രത്യേക സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രേരക്മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയും മേല്‍നോട്ടത്തിലാണ് ക്ലാസ് നടക്കുന്നത്. ഒരു പഠിതാവ് ഒരു മരം നടന്നു. എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ സാക്ഷരതാ മിഷന്റെ കീഴില്‍ പരിസ്ഥിതി ദിനത്തില്‍ 8000 വൃക്ഷ തൈകള്‍ നട്ടു. ഇവയുടെ പരിപാലനവും പഠിതാക്കള്‍ നിര്‍വ്വഹിച്ചു വരുന്നു.
    ഇന്ത്യയില്‍ ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി നടത്തുന്ന പദ്ധതിയായ ചങ്ങാതിയുടെ കീഴില്‍ ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ ക്ലാസ് ആരംഭിച്ചു. സര്‍വ്വേയിലൂടെ കണ്ടെത്തിയ 867 പേരില്‍ 395 പേരാണ് മലയാളം പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇവര്‍ക്ക് പ്രത്യേക പാഠപുസ്തകമടക്കമുള്ള സൗകര്യങ്ങളോടെയാണ് പഠനം തുടരുന്നത്. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിങ്ങനെ നാല് മാസം ദൈര്‍ഘ്യമുള്ള ത്രിഭാഷാ പഠന പദ്ധതിയും മിഷനു കീഴില്‍ നടന്നു വരുന്നു. ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയായി. രണ്ടാം ബാച്ച് ആരംഭിച്ചു.
പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് പ്രത്യേക സാക്ഷരത-തുല്യത പരിപാടികള്‍ നടന്നു വരുന്നു. ആകെ പതിനാല് കോളനികളിലാണ് സമഗ്ര, നവചേതന എന്നീ പേരുകളിലുള്ള പദ്ധതികള്‍ നടന്നു വരുന്നത്. തുടര്‍വിദ്യാകേന്ദ്രങ്ങള്‍ നിലവിലുള്ള വാര്‍ഡുകളില്‍ പരിപൂര്‍ണ്ണ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 100 മണിക്കൂര്‍ പഠന സമയത്തോടെ അക്ഷരലക്ഷം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. 5093 നിരക്ഷരരെ സര്‍വ്വേയിലൂടെ കണ്ടെത്തി.ഇതോടൊപ്പം മുന്നിയൂര്‍ പഞ്ചായത്തില്‍ പ്രത്യേക സാക്ഷരതാ പരിപാടിയും നടക്കുന്നുണ്ട്.

 

date