Skip to main content

പെരിന്തല്‍മണ്ണയില്‍ പരിസ്ഥിതി സംരക്ഷണത്തിന് കര്‍മ്മ പദ്ധതി.

വായു, വെള്ളം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിന് സമഗ്രമായ കര്‍മ്മ പദ്ധതി തയ്യാറാക്കി അവതരിപ്പിച്ച് പെരിന്തല്‍മണ്ണ നഗരസഭയുടെ ലോക പരിസ്ഥിതി ദിനാചരണ പരിപാടി വ്യത്യസ്തമായി. ഈ മേഖലയില്‍ ഇടപെടുന്നതിനായി നഗരസഭ രൂപീകരിച്ച ജീവനം പദ്ധതിയുടെ ഭാഗമായാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുക, 200 സ്‌ക്വയര്‍ ഫീറ്റില്‍ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്ന 3000 പേരുടെ പച്ചക്കറി ക്ലബ്ബ് രൂപീകരിക്കുക ,12000 വീടുകളില്‍ പോഷകാഹാരതൈകള്‍ വിതരണം ചെയ്ത് വെച്ച് പിടിപ്പിക്കുക,  500 ഏക്കറില്‍ നെല്‍കൃഷിയിക്കുക, മുഴുവന്‍ ഭൂമിയും കൃഷിയോഗ്യമാക്കാന്‍ ഔഷധ സസ്യക്കൃഷി ആരംഭിക്കുക, കിണര്‍ റീച്ചാര്‍ജിംഗ് പൂര്‍ത്തീകരിക്കുക, മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കുക എന്നിവയാണ് കര്‍മ്മപദ്ധതിയിലുള്ളത്.
കര്‍മ്മ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ നഗരസഭ വിവിധ പദ്ധതികള്‍ പ്രകാരം വെച്ചു പിടിപ്പിച്ച  വൃക്ഷങ്ങളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദമായ അവലോകനം നടത്തി. വിവിധ റോഡുകളിലും, പൊതുസ്ഥലങ്ങളിലുമായി വെച്ച 5000 ത്തോളം വൃക്ഷത്തെകളില്‍ 3886 എണ്ണം  ഇതിനോടകം വളര്‍ന്നിട്ടുണ്ട്.  പ്ലാവ്, മാവ്, പുളി, നെല്ലിക്ക എന്നീ ഫലവൃക്ഷത്തെകളും, വിവിധയിനം പാഴ്മരങ്ങളും ഇതില്‍പ്പെടും. ഈ വൃക്ഷത്തെകളെ മൂടി വളര്‍ന്നു വന്ന പൊന്തയും പുല്ലും ജീവനം തൊഴിലുറപ്പ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വെട്ടിമാറ്റി വൃത്തിയാക്കി ഗ്രീന്‍ ഗാര്‍ഡുകള്‍ സ്ഥാപിച്ചു.ഇവയുടെ തുടര്‍പരിപാലനത്തിനുള്ള പ്രതിമാസ ചുമതലയും ജീവനം വളണ്ടിയര്‍മാരെ ഏല്‍പിച്ചു.
ഉച്ചക്ക് ശേഷം വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകമായി വാര്‍ഡുകളില്‍ വെച്ച വൃക്ഷത്തെകളുടെ അവലോകന യാത്രയും നടന്നു.
മനഴി സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്നപരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാര്‍ കെ.സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. പി.ടി ശോഭന, രതി അല്ലക്കാട്ടില്‍, ഉസ്മാന്‍ താമരത്ത് എന്നിവര്‍ സംസാരിച്ചു. കെ. കുഞ്ഞയമ്മദ് സ്വാഗതവും, പത്തത്ത് ആരിഫ് നന്ദിയും പറഞ്ഞു.

 

date