Skip to main content

ബ്ലോക്ക്തല വൃക്ഷ തൈ നടീല്‍ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് തല വൃക്ഷ തൈ നടീല്‍  ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി നിര്‍വഹിച്ചു. വട്ടംകുളം വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച വൃക്ഷതൈ നടീല്‍   ചടങ്ങില്‍ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍ അധ്യക്ഷയായി. പരിസ്ഥിതി ദിനത്തില്‍ നാടും നഗരവും പച്ച പുതക്കാന്‍   ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു  ലക്ഷം വൃക്ഷ തൈകളാണ് പൊന്നാനി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. എടപ്പാള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ പൊന്നാനി ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃക്ഷതൈ നട്ടുവളര്‍ത്തുന്ന പദ്ധതി നടപ്പിലാക്കിയത്.  എടപ്പാള്‍ കൊലൊളമ്പ് തിരുത്തിയിലെ അഡ്വ. അബ്ദുറഹിമാന്റെ ഏഴര ഏക്കറിലാണ് ഈ ഒരു ലക്ഷത്തോളം വൃക്ഷ തൈകള്‍  നട്ടുവളര്‍ത്തി വിതരണം ചെയ്യാനായി ഒരുക്കിയത്. മഹാഗണി, ലക്ഷ്മി തരു, സീതപ്പഴം, മാതളം, പേര, താന്നി, പുളി, നീര്‍മരുത് ' കുമിഴ് , വേങ്ങ, മുള എന്നീ വൃക്ഷങ്ങളാണ് ബ്ലോക്കിന് കീഴില്‍ നടാനായി തയ്യാറാക്കിയിരിക്കുന്നത്. വൃക്ഷതൈ നടീലിന് ശേഷമുള്ള മൂന്ന് വര്‍ഷം തൈകള്‍ പരിപാലിക്കുന്നതിനായി  തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കുന്നുണ്ട്.  വട്ടംകുളം പഞ്ചായത്തുമായി  സംയുക്തമായി പൊന്നാനി ബ്ലോക്ക് സംഘടിപ്പിച്ച വൃക്ഷതൈ നടീല്‍ ചടങ്ങില്‍ പി.പി മോഹന്‍ദാസ്, അനിത വി.പി, ജോഹിന്‍ കുമാര്‍, എം.എ നവാബ്, പത്തില്‍ അഷറഫ്, എം.മുസ്തഫ, പി.വി ലീല, എന്‍.ഷീജ, കോഹിനൂര്‍ മുഹമ്മദ്, ടി.ശശിധരന്‍, എം.പി രാമദാസ്, കെ.രവീന്ദ്രന്‍, കെ.വി വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date