Skip to main content

വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നടപ്പാക്കാനുള്ള ഉത്തരാവാദിത്വം അധ്യാപക സമൂഹത്തിന്; മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

 

വിദ്യാര്‍ഥികളുടെ  പ്രതീക്ഷകളും സ്വപ്നങ്ങളും നടപ്പാക്കാനുള്ള ഉത്തരാവാദിത്വം അധ്യാപക സമൂഹം കാണിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പൊന്നാനി നിയോജക മണ്ഡഡലത്തില്‍ നടപ്പാക്കുന്ന 'ബട്ടര്‍ഫ്‌ലൈസ് ' പദ്ധതി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതു വിദ്യാലയങ്ങളിലേക്ക് ഇത്രയും കുട്ടികളുടെ കടന്നു വരവെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ കഴിവുള്ളവരാണെന്നും അത് കൂടുതല്‍ മെച്ചെപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്നാനിയിലെ   ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കന്ററി  വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ബട്ടര്‍ഫ്‌ലൈസ്.  ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനവും രണ്ടാം ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കും. ഡിജിറ്റല്‍ -ഹൈടെക്ക്ക്ലാസ്സ് റൂമുകള്‍, ഡിജിറ്റല്‍ ലാബ് തുടങ്ങിയവ ഇതിനായി ഒരുക്കും. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവും ഹ്യൂമണ്‍ ലൈബ്രറിയും ഇതിനായി തയ്യാറാക്കും.  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചികളെ സ്വയം കണ്ടെത്താനും അറിവിന്റെ വ്യത്യസ്ത മേഖലകളിലേക്ക് പറന്നുയരാനുതകുന്ന തരത്തില്‍ പഠനത്തെ പരിപോഷിപ്പിക്കാനും സ്വാതന്ത്ര ശാസ്ത്ര വീക്ഷണം വളര്‍ത്തിയെടുക്കാനും ''ബട്ടര്‍ഫ്‌ലൈസി''ലൂടെ സാധിക്കും.  മണ്ഡലത്തിലെ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദന ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലത്തിലെ  എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ലോഞ്ചിംഗ് കേരള പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍   നിര്‍വഹിച്ചു.
     എ പ്ലസ് കരസ്ഥമാക്കിയ 300 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍  അനുമോദിച്ചത്. ഉന്നത വിജയം നേടിയ 13 വിദ്യാര്‍ത്ഥികളെയും  ചടങ്ങില്‍ ചലച്ചിത്ര നടി ആശാ ശരത്ത് ഗോള്‍ഡ് മെഡല്‍ നല്‍കി അനുമോദിച്ചു.  1200 ല്‍ 1200 കരസ്ഥമാക്കിയ ഷര്‍വിന്‍ അവാദ് , ശാരീരിക വെല്ലുവിളികളെ മറികടന്ന് വിജയം നേടിയ ലിയാന.എം.കെ, ആള്‍ ഇന്ത്യാ റേഡിയോ ദേശീയ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വയലിന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗോകുല്‍ .വി.ദാസ് എന്നിവരെയും  ചടങ്ങില്‍ അനുമോദിച്ചു.  പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ ടി. മുഹമ്മദ് ബഷീര്‍, പി.എം.ആറ്റുണ്ണി തങ്ങള്‍, ടി. സത്യന്‍ ,സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date