Skip to main content

ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും തിരുത്തലുകള്‍ക്കും നാളെ (25) മുതല്‍ അപേക്ഷിക്കാം

    പുതിയ റേഷന്‍ കാര്‍ഡുകള്‍, നിലവിലുള്ള കാര്‍ഡുകളിലെ തിരുത്തലുകള്‍, അംഗങ്ങളുടെ സ്ഥലംമാറ്റം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയിലുള്ളവര്‍ക്ക് നാളെ (25)  മുതല്‍ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  നാല് വര്‍ഷത്തിന് ശേഷമാണ് പൊതുവിതരണ വകുപ്പ് റേഷന്‍ കാര്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകണങ്ങളാണ് ഓരോ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 10 ആവശ്യങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുക, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുക, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, റേഷന്‍ കാര്‍ഡ് മൊത്തമായും മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുക, നോണ്‍-റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക, നോണ്‍-ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നത്. എല്ലാത്തരം അപേക്ഷാഫോറങ്ങളുംwww.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ ഹോം പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ നിന്ന് ഈ അപേക്ഷകള്‍ ഡൗണ്‍ലോഡ്  ചെയ്ത് ഉപയോഗിക്കാം. ഫോറങ്ങള്‍ക്ക് നമ്പര്‍ ഇല്ലാത്തതിനാല്‍ ഫോട്ടോകോപ്പിയും ഉപയോഗിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നാളെമുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ ദിവസവും ഒന്നോ രണ്ടോ പഞ്ചായത്തുകളിലെ അപേക്ഷകളായിരിക്കും സ്വീകരിക്കുക. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ മാധ്യമങ്ങളിലൂടെയും പഞ്ചായത്ത് ഓഫീസുകളിലൂടെയും എല്ലാ റേഷന്‍ ഡിപ്പോകളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന എം.എന്‍.വിനോദ് കുമാര്‍ അറിയിച്ചു.  
    പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്പോ ര്‍ട്ട് സൈസ് ഫോട്ടോകൂടി നല്‍കണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തേണ്ടതും മറ്റൊന്ന് അപേക്ഷയോടൊപ്പം നല്‍കേണ്ടതുമാണ്. നിലവില്‍ പേര് ഉള്‍പ്പെട്ട കാര്‍ഡ്/റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് /നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാര്‍ പകര്‍പ്പ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്‍റെ പകര്‍പ്പ്, കുടുംബ കാര്‍ഡില്‍ നിന്ന് പേര് കുറവു ചെയ്യേണ്ടതുണ്ടെങ്കില്‍ കാര്‍ഡ് ഉടമയുടെ സമ്മതപത്രം എന്നിവയും പുതിയ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ നല്‍കുന്നവര്‍ കൈപ്പറ്റ് രസീത് നിര്‍ബന്ധമായും കൈപ്പറ്റണം. എല്ലാ അപേക്ഷകളിലും കാര്‍ഡുടമയുടെ മൊബൈല്‍ നമ്പര്‍ നല്‍കണം. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് വഴി അറിയിക്കുന്നതിനാണിത്. 
    മല്ലപ്പള്ളി ഒഴികെയുള്ള താലൂക്കുകളില്‍ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയക്രമം ചുവടെ. 
    കോന്നി താലൂക്ക് സപ്ലൈ ഓഫീസ്: എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതല്‍ പ്രമാടം, കോന്നി പഞ്ചായത്തുകളിലെ അപേക്ഷകളും ചൊവ്വാഴ്ചകളില്‍ വള്ളിക്കോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളില്‍ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളില്‍ അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ അപേക്ഷകളും     വെള്ളിയാഴ്ചകളില്‍ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ അപേക്ഷകളുമാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുക. 
    കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്: ജൂണ്‍ 25,26 തീയതികളില്‍ രാവിലെ 10 മുതല്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലേതും 27,28 തീയതികളില്‍ ഓമല്ലൂര്‍ പഞ്ചായത്തിലേതും 29,30 തീയതികളില്‍ ഇലന്തൂര്‍ പഞ്ചായത്തിലെയും ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ മല്ലപ്പുഴശേരിയിലേതും നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയിലേതും ആറ്, ഏഴ് തീയതികളില്‍ നാരങ്ങാനത്തേയും ഒമ്പത്, 10 തീയതികളില്‍ ചെന്നീര്‍ക്കരയിലേയും 11,12 തീയതികളില്‍ ആറډുളയിലേയും 13,16 തീയതികളില്‍ കുളനടയിലേതും 17, 18 തീയതികളില്‍ മെഴുവേലി പഞ്ചായത്തിലേയും പത്തനംതിട്ടയിലുള്ള കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. 
    റാന്നി താലൂക്ക് സപ്ലൈ ഓഫീസ്: എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മുതല്‍ റാന്നി പഞ്ചായത്തിലെ അപേക്ഷകളും ചൊവ്വാഴ്ചകളില്‍ അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലെ അപേക്ഷകളും ബുധനാഴ്ചകളില്‍ അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളിലെ അപേക്ഷകളും വ്യാഴാഴ്ചകളില്‍ വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ അപേക്ഷകളും     വെള്ളിയാഴ്ചകളില്‍ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ അപേക്ഷകളുമാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുക. 
    തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസ്: ജൂണ്‍ 25,26 തീയതികളില്‍ രാവിലെ 10 മുതല്‍ തിരുവല്ല നഗരസഭയിലെ അപേക്ഷകളും 27നും 28നും നിരണം പഞ്ചായത്തിലെയും 29നും 30നും കോയിപ്രത്തേയും ജൂലൈ രണ്ടിനും മൂന്നിനും കുറ്റൂരിലെയും നാലിനും അഞ്ചിനും കടപ്രയിലേയും ആറിനും ഏഴിനും ഇരവിപേരൂരിലെയും ഒന്‍പതിനും 10നും കവിയൂരിലെയും 11നും 12നും പെരിങ്ങരയിലെയും 13നും 16നും തോട്ടപ്പുഴശേരിയിലെയും 17നും 18നും നെടുമ്പ്രം പഞ്ചായത്തിലെയും അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. 
    അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: ജൂണ്‍ 25ന് രാവിലെ 10 മുതല്‍ അടൂര്‍ മുനിസിപ്പാലിറ്റിലേയും 26ന് പന്തളം നഗരസഭ, തുമ്പമണ്‍ പഞ്ചായത്ത്, 27ന് പള്ളിക്കല്‍ പഞ്ചായത്ത്, 28ന് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകള്‍, 29ന് ഏനാദിമംഗലം, ഏഴംകുളം പഞ്ചായത്തുകള്‍, 30ന് ഏറത്ത്, കടമ്പനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. 
                                            (പിഎന്‍പി 1637/18)

date