Skip to main content

പകര്‍ച്ചവ്യാധി: ആരോഗ്യ വകുപ്പ് സുസജ്ജം;  ഇനി വേണ്ടത് നമ്മുടെ ശ്രദ്ധ

 

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പെരുകാനുള്ള സാധ്യത കണക്കിലെടുത്ത് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നത്.  ചിലയിടങ്ങളില്‍ ഡെങ്കിപ്പനി അടക്കമുള്ള വൈറല്‍ പനികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ സംഘങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കൊതുകുനിവാരണ ബോധവല്‍ക്കരണ നടപടികളുമായി രംഗത്തുണ്ട്.  വീടുകള്‍ സന്ദര്‍ശിച്ച് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും, കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ സ്വയം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും നടന്നു വരുന്നു. സ്വയം കരുതലാണ് ഏറ്റവും പ്രധാനം.  കൊതുകു പെരുകാതിരിക്കാനും പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം. 

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലമുള്ള ഇടങ്ങളില്‍ മുട്ടയിട്ടു വളരുന്നു.  ചെറിയ അളവിലുള്ള വെള്ളത്തില്‍പ്പോലും ഇവ പെറ്റുപെരുകുന്നു.  അതുകൊണ്ട് വീടിനകത്തും പുറത്തും വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കണം. ആഴ്ചയിലൊരിക്കല്‍ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും വെള്ളം നിറക്കുക.  ഫ്രിഡ്ജിനു പുറകുവശത്തെയും എ.സി.യുടെയും ട്രേ, ചെടിച്ചട്ടി,  എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം  യഥാസമയം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. മുറ്റത്തും തൊടിയിലുമുള്ള ഉപയോഗശൂന്യമായ ടയര്‍, ചിരട്ട, പാത്രങ്ങള്‍, കുപ്പികള്‍, മുട്ടത്തോട് എന്നിങ്ങനെ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. മരക്കുറ്റിയിലെ കുഴികള്‍, കമുകിന്‍പാള, വെട്ടിയശേഷം ഉപേക്ഷിച്ച ഇളനീര്‍ തൊണ്ട് തുടങ്ങിയവയിലും മഴക്കാലത്ത് വെള്ളം കെട്ടിനിന്ന്  കൊതുകു പെരുകാനുള്ള സാധ്യതയുണ്ട്.  ഇവ കണ്ടെത്തി നശിപ്പിക്കുക. റബ്ബര്‍, പൈനാപ്പിള്‍, കൊക്കോ, മുള, അടക്ക കൃഷിയിടങ്ങളില്‍ ഉണ്ടാകാനിടയുള്ള കൊതുക് ഉറവിടങ്ങള്‍ നശിപ്പിക്കണം.   

ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.  അതിനാല്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക.  ഉറങ്ങുമ്പോള്‍ കൊതുകുവലയോ, കൊതുകിനെ അകറ്റുന്ന ലേപനങ്ങളോ ഉപയോഗിക്കുക, രാവിലെയും സന്ധ്യാ സമയത്തും  വാതിലുകളും ജനലുകളും അടച്ചിടുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.  കൊതുകു കടിയേല്‍ക്കുന്നുണ്ടെങ്കില്‍ അവിടെനിന്ന് മൂന്നു മീറ്റര്‍ ചുറ്റളവില്‍ കൊതുകിന്റെ ഉറവിടമുണ്ട്  എന്ന് മനസിലാക്കാം. അവ കണ്ടെത്തി നശിപ്പിക്കുക. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി, ജപ്പാന്‍ ജ്വരം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ രോഗിയുടെ വീടിനുള്ളില്‍ കീടനാശിനി തളിക്കുക, വീടിനു പുറത്ത് ഫോഗിംഗ് അഥവാ കീടനാശിനി പുകക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നു. 

 ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന കൊതുക്/ കൂത്താടി സര്‍വെ പ്രകാരം കൊതുകു പെരുകാനുള്ള സാഹചര്യം തടയാത്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അറിയിച്ചിട്ടുണ്ട്.
(പി.ആര്‍.പി 1710/2018)

date