Skip to main content

വാര്‍ഷിക പദ്ധതി പുരോഗതി വിലയിരുത്തി

ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മൂന്നു മാസത്തില്‍ 14.37 ശതമാനം വാര്‍ഷിക പദ്ധതി തുക ചെലവഴിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്തുകളുടെ നിര്‍വ്വഹണ ശരാശരി 11.02 ശതമാനമാണ്. മേപ്പാടി  പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. 20.68 ശതമാനം. തവിഞ്ഞാല്‍ 17.80 ശതമാനം, വെളളമുണ്ട 17 ശതമാനം എന്നീ പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ജില്ലാ പഞ്ചായത്തിന്റെ  നിര്‍വ്വഹണ പുരോഗതി 14.98 ശതമാനമാണ്. നഗരസഭകളില്‍  കല്‍പ്പറ്റ നഗരസഭയാണ് മുന്നില്‍. 10.37 ശതമാനം. സുല്‍ത്താന്‍ ബത്തേരി നഗരസഭ 5.63 ശതമാനവും മാനന്തവാടി  നഗരസഭ 4.09 ശതമാനവും ചെലവഴിച്ചു.  ബ്ലോക്ക് പഞ്ചായത്തില്‍ പനമരം 7.70 ശതമാനം, കല്‍പ്പറ്റ 4.95 ശതമാനം, സുല്‍ത്താന്‍ ബത്തേരി 3.71 ശതമാനം, മാനന്തവാടി 3.52 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചത്. 

    ജില്ലയിലെ ആകെ  പ്രോജക്ടുകളുടെ എണ്ണം 6701 ആണ്. ഇതില്‍ 661 പദ്ധതികളുടെ പണി തുടങ്ങി. 729 പ്രോജക്ടുകളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. 23 ഗ്രാമപഞ്ചായത്തുകളും ഗുണഭോക്തൃ തെരെഞ്ഞെടുപ്പു പൂര്‍ത്തീകരിച്ചു. 1023 ഗുണഭോക്തൃ പദ്ധതികളാണ് പൂര്‍ത്തീകരിക്കാനുളളത്. സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമുളള പദ്ധതികളായ  ഗെയിംസ് ഫെസ്റ്റിവെലിന് 25 തദ്ദേശ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഭിന്നശേഷി വിഭാഗക്കാരുടെ കലോല്‍സവത്തിന് ഒരു പഞ്ചായത്തിന് മാത്രമാണ് പദ്ധതിയുളളത്. കരാറുകാരുടെ നിസ്സഹകരണം, ഉദ്യോഗസ്ഥരുടെ അഭാവം, മെറ്റീരിയലുകളുടെ ലഭ്യത കുറവ് തുടങ്ങിയവ പദ്ധതി നിര്‍വ്വഹണത്തില്‍ നിലനില്‍ക്കുന്ന പൊതു പ്രശ്‌നങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.     മെയിന്റനനസ് ഗ്രാന്റ് ഇനത്തില്‍ ടാറിംഗ് കൂടി ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 
2017-18 വര്‍ഷത്തില്‍  100 ശതമാനം ചെലവഴിച്ച      പൊഴുതന, മൂപ്പൈനാട്, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍ക്കും, വസ്തു നികുതി പിരിവ് നൂറ് ശതമാനം കൈവരിച്ച തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, എടവക എന്നീ പഞ്ചായത്തുകള്‍ക്കും മന്ത്രി ഉപഹാരം നല്‍കി. വെങ്ങപ്പളളി, കണിയാമ്പറ്റ പഞ്ചായത്തുകള്‍ക്കുളള ഉപഹാരം  നേരത്തെ  നല്‍കിയിരുന്നു.     
 

date