Skip to main content

ഭരണഭാഷ മലയാളം: ജില്ലാതല വാട്‌സപ്പ് ഗ്രൂപ്പ് തുടങ്ങുന്നു

ആലപ്പുഴ: ഭരണ ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിക്കാൻ കളക്ടറുടെ ചേംബറിൽ ചേർന്ന ഔദ്യോഗിക ഭരണ ഭാഷ മലയാളം സംബന്ധിച്ച ജില്ലാതല സമിതി യോഗത്തിൽ തീരുമാനിച്ചു. മറക്കല്ലേ മലയാളം എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുടെയും വാട്‌സ്ആപ്പ് നമ്പറുകൾ ശേഖരിച്ചശേഷം ഇവരെ ഈ വാട്ട്‌സ് ആപ്പ്  ഗ്രൂപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് എല്ലാ ദിവസവും ഒരു ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷ വാട്ട്‌സ് ആപ്പ് വഴി ഉദ്യോഗസ്ഥർക്ക് ലഭിക്കും. വിവിധ വകുപ്പുകളിൽ മലയാളഭാഷ 100 ശതമാനം  ഉപയോഗിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ അത് വകുപ്പുതലത്തിൽ  അധികാരികളെയും ഔദ്യോഗികഭാഷാ വകുപ്പിനെയും അറിയിക്കാൻ യോഗം നിർദ്ദേശം നൽകി.  വകുപ്പുകളുടെ ഫയൽ ജോലകളിൽ ഭരണ ഭാഷയായ  മലയാളത്തിന്റെ  ഉപയോഗം സംബന്ധിച്ച പരിശോധനയ്ക്കായി ജില്ലാതലത്തിൽ  ആഭ്യന്തര പരിശോധനാ സംഘത്തെ നിയോഗിക്കും.  ഭരണ ഭാഷ പൂർണമായും മലയാളം ആക്കണമെന്ന്  കർശനമായ നിർദ്ദേശം ആണ് സർക്കാർ ഇറക്കിയിട്ടുള്ളത്.  മലയാള ഭാഷാ വ്യാപനത്തിനും ജില്ലയിലെ സർക്കാർ സംവിധാനത്തെ പൂർണ്ണമായി മലയാളഭാഷയിലേക്ക് മാറ്റുന്നതിനുമായി ഉദ്യോഗസ്ഥ പരിശീലനത്തിനായി 15 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട് . ജില്ലാതലത്തിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടി ഉടൻ ആരംഭിക്കും.  വിവിധ വകുപ്പുകളുടെ മലയാള ഭാഷയുടെ ഉപയോഗ പുരോഗതി യോഗത്തിൽ വിലയിരുത്തി. സർക്കാർ വാഹനങ്ങളുടെ മുൻ വശത്തെ ബോർഡ് മലയാളത്തിലും പുറകുവശത്തെ ബോർഡ് അതേ വലിപ്പത്തിൽ ഇംഗ്ലീഷിലുമാണ് എഴുതേണ്ടത്. ഓഫീസ് സീലുകളും മലയാളത്തിലും ഇംഗ്ലീഷിലും സൂക്ഷിക്കേണ്ടതുണ്ട്. യോഗത്തിൽ എ.ഡി.എം.ഐ അബ്ദുൾ സലാം, ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആർ.എസ്.റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

                                                                                                                                                                                                             (പി.എൻ.എ. 1564/2018)

 

date