Skip to main content

അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍:  അട്ടപ്പാടി-ചിറ്റൂര്‍ ബ്ലോക്കുകളില്‍ 20.77 കോടിയുടെ പദ്ധതി

 

    2014-15 സാമ്പത്തിക വര്‍ഷത്തെ അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതി അവലോകന യോഗം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ അട്ടപ്പാടി- ചിറ്റൂര്‍ ബ്ലോക്കുകളിലെ 12 കോളനികളിലായി 20.77 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസി മേഖലയിലെ സാമൂഹിക-സാമ്പത്തിക- അടിസ്ഥാന- വികസനം ലക്ഷ്യമാക്കിയ  പദ്ധതികളുടെ നിര്‍വഹണ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന ഏട്ട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.   പിന്നാക്കം നില്‍ക്കുന്ന കോളനികളില്‍ സാമൂഹിക-മൃഗ സംരക്ഷണം, കുടിവെള്ളം, ഭവന നിര്‍മാണം, വൈദ്യൂതി, കൃഷി, അങ്കണവാടി, കമ്മ്യൂനിറ്റി ഹാള്‍, റോഡ്, ശൗചാലയം, തെരുവ് വിളക്ക്, നടപ്പാത തുടങ്ങിയ അടിസ്ഥാന വികസനങ്ങളിലൂടെ കോളനികളെ മാതൃക കോളനികളായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 
    അട്ടപ്പാടി ബ്ലോക്ക് പരിധിലെ കോളനികളില്‍ കാട്ടാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് കോളനികളില്‍ ട്രഞ്ച്, കരിങ്കല്‍ ഭിത്തിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. മറ്റ് കോളനികളിലെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  ചിറ്റൂര്‍ ബ്ലോക്കിലെ വടക്കരപതി പഞ്ചായത്തിലെ മലമ്പതി കോളനിയില്‍ നിര്‍മിക്കുന്ന കമ്യൂനിറ്റി ഹാളിന്‍റെ പുന-പ്രവൃത്തികള്‍ക്കായി ടെണ്ടര്‍ നടപടി പുരോഗമിക്കുന്നതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
     കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുളളത്. യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കെ.കൃഷ്ണപ്രകാശ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ വൈ. വിപിന്‍ദാസ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date