Skip to main content

കാലവര്‍ഷം: ദുരിതാശ്വാസ കാംപുകള്‍ സജ്ജമായി      ജില്ലയില്‍ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം

    

    കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ കാംപുകള്‍ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ കാംപുകളുള്‍പ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം മൂന്നായി. എല്ലാ കാംപുകളിലും ഭക്ഷണവും വൈദ്യസഹായവും ഉറപ്പു വരുത്തിയതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
    കാരപ്പാറ പുഴയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ചിറ്റൂര്‍ താലൂക്കില്‍ കാംപ് തുടങ്ങിയത്. നെല്ലിയാമ്പതി ലേബര്‍ കാംപിലെ 100ല്‍ പരം തൊഴിലാളികളെ തൊട്ടടുത്ത ഹില്‍ടോപ്പ് ലോഡ്ജിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മംഗലംഡാമിനടുത്തുള്ള കടപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 18 കുടുംബങ്ങളെ കടപ്പാറ ജി.എല്‍.പി സ്കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 15 കുട്ടികളടക്കം 57 പേരാണ് കാംപിലുള്ളത്. കല്‍പ്പാത്തി പുഴയിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് അകത്തേത്തറ വില്ലേജിലെ 15 കുടുംബങ്ങളിലെ 49 പേരെ ആണ്ടിമഠം പാഞ്ചാലിയമ്മന്‍ കോവില്‍ കല്യാണമണ്ഡപത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. 
ജില്ലയില്‍ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം
    സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ദുരിതബാധിത മേഖലയിലെ തഹസില്‍ദല്‍മാര്‍ക്ക് 2.1 കോടി അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ ജില്ലയില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ജില്ലയില്‍ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. 12.83 കോടിയുടെ കൃഷിനാശമാണ് മഴമൂലം സംഭവിച്ചത്. 428 വീടുകളില്‍ 12 എണ്ണം പൂര്‍ണമായും തകര്‍ന്നു. പൊതുമരാമത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് 12 ലക്ഷവും റോഡുകള്‍ തകര്‍ന്ന് 3.07 കോടിയും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് 1.58 കോടിയും മൃഗങ്ങള്‍ നഷ്ടപ്പെട്ടതുമൂലം 3.6 ലക്ഷവും നഷ്ടമുണ്ടായി. 
ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജലാശയങ്ങളില്‍ ഇറങ്ങരുത്
    കാലവര്‍ഷം തുടര്‍ന്നും ശക്തമാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ജലാശയങ്ങളില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അഗ്നിശമനസേന ജില്ലയിലെ 65 സ്ഥലങ്ങളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഈ സ്ഥലങ്ങളിലും ജാഗ്രത പാലിക്കണം. മരങ്ങള്‍ കടപുഴകാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍ക്കു താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 
    അതിശക്തമായ മഴയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജിലെ ശശി, പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ സന്തോഷ്കുമാര്‍ എന്നിവര്‍ പുഴയിലകപ്പെട്ട് മരിച്ചിട്ടുണ്ട്. ഭാരതപുഴയിലെ പറളി ഭാഗത്ത് ഒഴുക്കില്‍പെട്ട ഷൊര്‍ണൂര്‍ സ്വദേശി ജയകുമാര്‍, കൊല്ലങ്കോട് സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍  വീണ ആലത്തൂര്‍ സ്വദേശി ആഷിഖ് എന്നിവരെ കാണാതായിട്ടുണ്ട്.
 നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ജയകുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു ദിവസമായി ആഷിഖിനായുള്ള തിരച്ചില്‍ തുടരുകയാണ്.  അപ്രതീക്ഷിതമായി ഉണ്ടാവുന്ന അപകടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ സ്വയം സംരക്ഷിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

date