Skip to main content

നെഹ്‌റു ട്രോഫിക്ക് ഭാഗ്യചിഹ്നമായി;  ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്ക - ബാബു ഹസൻ മത്സര വിജയി

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്ക  തിരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ച 200 എൻട്രികളിൽനിന്നാണ് ആലപ്പുഴ വി.പി. റോഡ് സക്കറിയ വാർഡ് തോട്ടുങ്കൽ പുരയിടം ബാബു ഹസൻ വരച്ച ചിത്രം ഇത്തവണത്തെ ഭാഗ്യചിഹ്നമായത്. ആറാട്ടുവഴി എസ്.എസ്.സ്‌കൂൾ ഓഫ് ആർട്ട്‌സ് പൂർവ വിദ്യാർഥിയാണ്. 27 വർഷത്തെ പ്രവാസി ജിവിതത്തിന് ശേഷം ഇപ്പോൾ ബാബു ആറാട്ടുവഴിയിൽ കലാസ്ഥാപനം നടത്തിവരികയാണ്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, ജിനു ജോർജ്, ടി.ബേബി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. ശക്തിയുടെയും ബുദ്ധിയുടെയും പ്രതീകമായ കാക്ക ,പരമാവധി  ഹരിതചട്ടം പാലിച്ച്  നടക്കുന്ന  വള്ളം കളിയുടെ ശുചിത്വ സന്ദേശ വാഹകൻ കൂടിയാണെന്ന് ജഡ്ജിങ് കമ്മറ്റി വിലയിരുത്തി. 

 

(ചിത്രമുണ്ട്.)

(പി.എൻ.എ. 1850/17)

 

 

വള്ളംകളിയുടെ പെരുമയ്‌ക്കൊപ്പം ചേരാനായത്

ജീവിതത്തിലെ വലിയ ഭാഗ്യം-ശരണ്യആനന്ദ്

 

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ഭാഗ്യചിഹ്ന പ്രകാശനത്തിലൂടെ  പെരുമയാർന്ന നെഹ്‌റുട്രോഫി വള്ളം കളിയുടെ ഭാഗഭാക്കാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് ചലച്ചിത്ര താരം ശരണ്യ ആനന്ദ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്യുകയായിരുന്നു ശരണ്യ. 

 

സച്ചിനാണ് ഇത്തവണത്തെ മുഖ്യാതിഥി എന്നറിഞ്ഞപ്പോൾ  ഓഗസ്റ്റ് 11ന് എങ്ങനെയും വള്ളംകളി കാണാനെത്തണമെന്നാണ് ആഗ്രഹമെന്ന് ശരണ്യ വ്യക്തമാക്കി. 'എന്റെ അമ്മ എടത്വ സ്വദേശിയാണ്. സ്വന്തം നാട്ടിൽ മകൾ ഒരു വലിയ പരിപാടിയുടെ ഭാഗഭാക്കാകുന്നത് അഭിമാനം നൽകുന്നതാണ്. ഈ വേദി ജീവിതത്തിലെ വലിയൊരു നേട്ടമായിക്കാണുന്നു.ഗുജറാത്തിൽ ജനിച്ചുവളർന്ന മലയാളിയായ ശരണ്യ ആനന്ദ് മോഡലിങ്ങിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അച്ചായൻസ്, കാപ്പുചിനോ, ആകാശ മിഠായി, ചാണക്യ തന്ത്രം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഉടൻ റിലീസാകാൻ പോകുന്ന തനഹ, ലാഫിങ് അപ്പാർട്ട് മെന്റ് നിയർ ഗിരിനഗർ എന്നീ ചിത്രങ്ങളിലെ നായികയാണ്.ചിത്രത്തിന്റെ  തിരക്കിൽ നിന്നാണ് ചടങ്ങിനെത്തിയത്.  

യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച എൻ.റ്റി.ബി.ആർ. സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്.സുഹാസിന്  നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, എൻ.റ്റി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ കൃഷ്ണതേജ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, വാർഡ് കൗൺസിലർ എ.എം.നൗഫൽ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ ശ്രീകുമാരൻ തമ്പി, കബീർ,  ചിക്കൂസ് ശിവൻ, കെ.നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൾ സലാം ലബ്ബ,   ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹരൺ ബാബു,  ഐ.റ്റി. കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. പാർവതീദേവി, എന്നിവർ സംസാരിച്ചു.

 

(ചിത്രമുണ്ട്.)

(പി.എൻ.എ. 1851/17)        

 

date