Skip to main content

വ്യാജമദ്യം: ഓണത്തിന് മുന്നോടിയായി സംയുക്ത റെയ്ഡുകള്‍ നടത്തും

വ്യാജമദ്യം തടയാന്‍ ഓണത്തിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത റെയ്ഡുകള്‍ നടത്താന്‍ ജില്ലാതല ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ സ്‌പെഷല്‍ ഡ്രൈവുകള്‍ നടത്തും. 
കഴിഞ്ഞ മാസം നടത്തിയ പരിശോധനകളില്‍ 26 ലിറ്റര്‍ ചാരായം, 157.430 ലിറ്റര്‍ വിദേശമദ്യം, 102.480 ലിറ്റര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യം, 500 മില്ലി ലിറ്റര്‍ കള്ള്, 2479 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തു.  659 ഗ്രാം കഞ്ചാവും 196.210 കി.ഗ്രാം പാന്‍മസാലയും മയക്കുമരുന്നായി ഉപയോഗിക്കുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് 137 എണ്ണവും എം.ഡി.എം.എ മൂന്ന് ഗ്രാമും പിടിച്ചെടുത്തു. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത റെയിഡ് നടത്തിയത് 13 തവണയാണ്. അബ്കാരി കേസുകള്‍ -69, എന്‍.ഡി.പി.എസ് കേസുകള്‍-42, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ (കോട്പ)-416 എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍-83. 
കഴിഞ്ഞ മാസം ജില്ലയിലെ കള്ളുഷാപ്പുകള്‍ 200 തവണയും വിദേശമദ്യ ഷാപ്പുകള്‍ മൂന്ന് തവണയും ബാര്‍ ഹോട്ടലുകള്‍ 23 തവണയും ബിയര്‍/വൈന്‍ പാര്‍ലറുകള്‍ ഏഴ് തവണയും മറ്റുള്ളവ രണ്ടു തവണയും പരിശോധിച്ചു. 44 മദ്യ സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.
ജില്ലാതലത്തില്‍ ഒന്നും പഞ്ചായത്ത് തലത്തില്‍ 29ഉം നിയോജക മണ്ഡല തലത്തില്‍ നാല് തവണയും ജനകീയ സമിതികള്‍ യോഗം ചേര്‍ന്നു.  സ്‌കൂളുകളിലും കോളേജുകളിലുമായി 181 ബോധവത്കരണ ക്ലാസുകള്‍ നടത്തി. 194 ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചു.
യോഗത്തില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ഡിവിഷനല്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ അന്‍സാരി ബീഗു, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷിമി, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ എ.കെ, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ, കമ്മിറ്റി അംഗങ്ങളായ പി.വി. രവീന്ദ്രന്‍ (സി.ഐ.ടി.യു), പി.ടി. സുഗുണന്‍ (കോണ്‍ഗ്രസ്), കെ. രാധാകൃഷ്ണന്‍ (ബി.ജെ.പി), എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date