Skip to main content

മത്സ്യസമ്പത്ത് പുനരുജ്ജീവന പദ്ധതി: കോട്ടക്കീലില്‍ 50,000 പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി ഉള്‍നാടന്‍ പൊതുജലാശയങ്ങളില്‍ ചെമ്മീന്‍, മത്സ്യവിത്ത് നിക്ഷേപം നടത്തുന്ന പദ്ധതിയുടെ ഏഴോം ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം പ്രസിഡന്റ് സി. വിമല 50,000 പൂമീന്‍ കുഞ്ഞുങ്ങളെ കോട്ടക്കീല്‍ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം പുഴയില്‍ നിക്ഷേപിച്ച് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.ഒ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ജലമലിനീകരണം, ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാവ്യതിയാനം, അമിത ചൂഷണം എന്നിവയാല്‍ നശിക്കുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യബന്ധനം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. ഈ വര്‍ഷം പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുന്നതിനും പദ്ധതി പ്രദേശങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഒരേ സ്ഥലത്ത് മത്സ്യവിത്ത് നിക്ഷേപം നടത്തുകയും നിരീക്ഷണം നടത്തിവരികയും ചെയ്യുന്നു. 
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഐ.വി. ഉഷ, റീത്ത പി.പി, പഞ്ചായത്തംഗം വി. പ്രീജ, എരഞ്ഞോളി ഫിഷ് ഫാം മാനേജര്‍ അജിത കെ., കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസര്‍ സംഗീത എ.കെ എന്നിവര്‍ സംസാരിച്ചു.

date