Skip to main content

മഴക്കെടുതിയ്ക്ക് താങ്ങായി നെടുംകുന്നത്ത് പഞ്ചായത്തിന്റെ സഹായ വണ്ടി

 

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് ഒരു കൈസഹായവുമായി എത്തുകയാണ് നെടുംകുന്നം പഞ്ചായത്തിന്റെ സഹായവണ്ടി. വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി പഞ്ചായത്തിന്റെ വണ്ടി ഇന്നലെ പുറപ്പെട്ടു. ആദ്യ ദിനത്തില്‍ 12 ക്യാമ്പുകള്‍ സന്ദര്‍ശിച്ചതില്‍ വാഴപ്പള്ളി പഞ്ചായത്തിലെ നാല് ക്യാമ്പുകളും കിടങ്ങറ പഞ്ചായത്തിലെ രണ്ട് ക്യാമ്പുകളും വെളിയനാട് പഞ്ചായത്തിലെ ആറു ക്യാമ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സാധനങ്ങളായും വസ്ത്രങ്ങളായും എത്തിക്കാന്‍ താത്പര്യമുള്ള പൊതു ജനങ്ങള്‍ക്കും സഹകരിക്കാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നുണ്ട്. ജനപ്രതിനിധികള്‍ ദുരിതാശ്വാസ വണ്ടിയ്‌ക്കൊപ്പം സഞ്ചരിക്കുകയും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ആവശ്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായാണ് വാഹനം യാത്ര തിരിക്കുന്നത്.

നെടുംകുന്നം മൈലാടി സെന്റ് ജോണ്‍സ് ഐ.ടി.സിയിലെ വൈദികരും, അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു സംഭാവന ചെയ്ത അരിയും, പലവ്യഞ്ജനങ്ങളും നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ ഏറ്റുവാങ്ങി കൊണ്ടാണ് ദുരിതാശ്വാസ സഹായ വണ്ടി പദ്ധതിയ്ക്ക് ഉദ്ഘാടനം കുറിച്ചത്. യോഗത്തില്‍ഐടിസിമാനേജര്‍ ഫാദര്‍ ജോയി കാലായില്‍, ഡയറക്ടര്‍ തോമസ് പാണ്ടനായില്‍, പ്രിന്‍സിപ്പാള്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്പര്യമുള്ളവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ  996102 5597 എന്ന നമ്പരില്‍ ബന്ധപ്പെടാം

(കെ.ഐ.ഒ.പി.ആര്‍-1599/18)

 

date