Skip to main content

കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട്

കൗമാര കലാപ്രതിഭക‌ളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റ് മന്ത്രിമാർ. വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കിയത്. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽ നിന്നെത്തിയ ആദ്യ ബാച്ചിനെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്.

 

ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ ഉച്ചയോടെ എത്തിയ കലാപ്രതിഭകളെ പൂച്ചെണ്ടുകളും, ഹാരാർപ്പണവും നടത്തി സ്വീകരിക്കുന്നതിനോടൊപ്പം കോഴിക്കോടിന്റെ തനതായ മധുരം കോഴിക്കോടൻ ഹൽവയും വിദ്യാർത്ഥികൾക്ക് നൽകിയാണ് മന്ത്രിമാർ കലാപ്രതിഭകളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റത്.

 

ചെണ്ട ഉൾപ്പെടെയുള്ള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലാപ്രതിഭകളെ സ്വീകരിച്ച് പ്രത്യേകം സജ്ജീകരിച്ച കലോത്സവ വണ്ടിയിൽ കയറ്റി യാത്രയാക്കിയാണ് മന്ത്രിമാർ മടങ്ങിയത്. കലോത്സവ സ്വീകരണ കമ്മിറ്റി ചെയർമാൻ ഇ.കെ വിജയൻ എംഎൽഎ ,കലോത്സവ ഗതാഗത കമ്മിറ്റി ചെയർമാൻ പി ടി എ റഹീം എം എൽ എ ,ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ് ,കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി നാസർ,പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ് , കലോത്സവ സ്വീകരണ കമ്മിറ്റി കൺവീനർ ടി ഭാരതി എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

 

 

 

 

 

date