Skip to main content

മധുരത്തോടെ തുടക്കം കലോത്സവ ഭക്ഷണശാല ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു

കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.

 

കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്. 

 

കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.

മധുരത്തെരുവ്, പാലൈസ് , തണ്ണീർ പന്തൽ , കല്ലുമ്മക്കായ്,സുലൈമാനി തുടങ്ങി കോഴിക്കോടൻ പേരുകൾ നൽകിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.

 

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കോർപറേഷൻ വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഇ പ്രേംകുമാർ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

 

date