Skip to main content

നഗരസഭകളുടെ ത്രൈമാസ അവലോകന റിപ്പോർട്ടിൻ്റെ സംസ്ഥാന തല പ്രസിദ്ധീകരണം നിർവഹിച്ചു

സർക്കാർ നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ: ധനമന്ത്രി

തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നഗരസഭകളുടെ ത്രൈമാസ അവലോകന റിപ്പോർട്ടിൻ്റെ സംസ്ഥാന തല പ്രസിദ്ധീകരണം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓഡിറ്റ് വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പ്രായോഗികമായും സമയബന്ധിതമായും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതിന് ത്രൈമാസ അവലോകന റിപ്പോർട്ട് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഭരണരംഗത്ത് ഇത് ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാൻ സർക്കാരിനു സാധിച്ചു. ഇ ടി ആർ ഫൈവ് പോലുള്ള സംവിധാനങ്ങളിലൂടെ സർക്കാർ പണമിടപാടുകൾ ഓൺ ലൈനാക്കിയത് ശ്രദ്ധേയമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ കൺ കറൻ്റ് ഓഡിറ്റ് വിഭാഗം പ്രവർത്തിച്ചു വരുന്ന തലശേരി നഗരസഭ ഓഡിറ്റ് 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിൻ്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭകളുടെ ത്രൈമാസ പ്രവർത്തനാവലോകന റിപ്പോർട്ട് തയ്യാറാക്കുന്നത്. 1994-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമത്തിലെ 13-ാം വകുപ്പും 15-ാം വകുപ്പിലെ നാലാം ഉപവകുപ്പും 1996-ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 ഉം 19 -ഉം അനുശാസിക്കുന്ന രീതിയിലാണ്  പ്രവർത്തനാവലോകന റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഓഡിറ്റ് സ്ഥാപനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, പദ്ധതി പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുക എന്നിവയാണ് ഉദ്ദേശം. ധനകാര്യം, പൊതുഭരണം, വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭകളുടെ ചുമതലാനിർവ്വഹണത്തെയും അനുബന്ധ പ്രവർത്തനങ്ങളെയും സംബന്ധിച്ചുള്ള സമകാലിക പ്രവർത്തനാവലോകനമാണ് റിപ്പോർട്ടുകളിലൂടെ ലക്ഷ്യമിടുന്നത്.
തലശ്ശേരി നഗരസഭയുടെ ഓഡിറ്റിന്റെ ഭാഗമായി തയ്യാറാക്കിയ ത്രൈമാസ പ്രവർത്തനാവലോകന റിപ്പോർട്ട്  പ്രസിദ്ധീകരണം
തലശേരി നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ടീച്ചർക്ക് നൽകി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു. ഓഡിറ്റ് വകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകം മേയർ ടി ഒ മോഹനൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് കൈമാറി.
ഡിപിസി ഹാളിൽ നടന്ന പരിപാടിയിൽ
രാമചന്ദ്രൻ കടന്നപ്പള്ളി  എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മേയർ ടി ഒ മോഹനൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഡി സാങ്കി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, നഗരസഭ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ് ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date