Skip to main content

ലക്ഷ്യത്തിലേക്ക് കുതിക്കുന്നു വൈക്കത്തിന്റെ 'ലക്ഷ്യ'

കോട്ടയം: പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി.എസ് സി പരിശീലന പദ്ധതിയായ 'ലക്ഷ്യ' ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.  കഴിഞ്ഞ വർഷം 30 പേർക്കാണ് പദ്ധതി വഴി സൗജന്യ പി.എസ് സി പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാരായ 60 യുവതികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്.
 ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ യോഗ്യതാ പരീക്ഷയിൽ വിജയം നേടിയ 60 പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പരീക്ഷ പാസായ 60 പേർക്കും ബാഗ്, ബുക്ക്, പേന, റാങ്ക് ഫയൽ തുടങ്ങിയ പഠന സാമഗ്രികളും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണവും ബ്ലോക്ക് പഞ്ചായത്താണ് ഒരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പട്ടികജാതി വികസന ഓഫീസിന് മുകളിലായി 19.50 ലക്ഷം രൂപ ചെലവഴിച്ച് തയാറാക്കിയ ഹൈടെക് ക്ലാസ് മുറിയിലാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച അധ്യാപകരാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്.
 5000 മുതൽ 7000 രൂപ വരെയാണ് ഒരു ദിവസത്തെ ക്ലാസിന് പഞ്ചായത്ത് ചെലവിടുന്നത്. പട്ടികജാതി വിഭാഗക്കാരായ യുവതികൾക്ക് പി.എസ്.സി പരിശീലനം നൽകി സർക്കാർ ജോലി ഉറപ്പാക്കുന്നതിലൂടെ പട്ടികജാതി വിഭാഗക്കാരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് പറഞ്ഞു.

ഫോട്ടോക്യാപ്ഷൻ: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ പി.എസ്.സി പരിശീലന പദ്ധതിയായ 'ലക്ഷ്യ' യിൽ ക്ലാസുകൾ നടക്കുന്നു.
( കെ.ഐ.ഒ. പി.ആർ. 0011/2023)

date