Skip to main content

സഹകരണ ബാങ്കുകളുടെ പ്രസക്തി വര്‍ധിക്കുന്നു: പി.വി അബ്ദുല്‍ വഹാബ് എം.പി

സഹകരണ ബാങ്കുകളുടെ പ്രസക്തി വര്‍ധിച്ചു വരുന്നതായി പി.വി അബ്ദുല്‍ വഹാബ് എം.പി. ലാഭവിഹിതം കൊടുക്കുന്നതിന് പുറമേ ധാരാളം സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുളായി സര്‍വ്വീസ് സഹകരണബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വലിയ ബാങ്കുകളും കിട്ടാക്കടം നേരിടുന്ന അവസ്ഥയില്‍  കിട്ടാക്കടം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചെറുകിട  ബാങ്കുകളില്‍  ഒന്നാണ് സഹകരണ ബാങ്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുളായി ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.കെ ഖാലിദ് അധ്യക്ഷനായി. കരുളായി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ജി റംലത്ത് റിപ്പോര്‍ട്ട് അവതരണം നടത്തി. നവീകരിച്ച  കൗണ്ടര്‍ ഉദ്ഘാടനം അഡ്വ. യു. എ ലത്തീഫ് എം എല്‍ എ യും സ്‌ട്രോങ് റൂം ഉദ്ഘാടനം   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയും ലോക്കര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടവും നിര്‍വഹിച്ചു. ഡിവിഡന്റ് വിതരണം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയനും ചികിത്സ സഹായ വിതരണം നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും നിര്‍വഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ബഷീര്‍ നിക്ഷേപം സ്വീകരിച്ചു.
ചടങ്ങില്‍ കരുളായി സര്‍വീസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍ കെ. വിജയരാജന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ (അഡ്മിനിസ്‌ട്രേഷന്‍) ശ്രീഹരി, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) സി.ബി. പ്രസാദ്, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ടി . സുനില്‍ കുമാര്‍, സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീധരന്‍,    സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ / കണ്‍കറണ്ട് ഓഡിറ്റര്‍ എം.പി ജയരാജന്‍, സഹകരണ സംഘം പ്രസിഡന്റുമാരായ ജെ രാധാകൃഷ്ണന്‍, സഫിയ, ആയിശ പി. എച്ച്, ലീലാമ്മ മാത്യു, വ്യാപാര വ്യവസായ  ഏകോപന സമിതി ഉണ്ണി കടമ്പത്ത്, സന്തോഷ് ബാബു, ഡയറക്ടര്‍മാരായ സി. ബി വര്‍ഗീസ്, എംപി ഹുസൈന്‍, അബൂബക്കര്‍ പറമ്പന്‍, സറഫുദ്ദീന്‍ കൊളങ്ങര, സുന്ദരന്‍ കരുവാടന്‍, അബ്ദുല്‍ ഖാദര്‍ പി വി, സാബിറ, ഹഫ്സത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

date