Skip to main content

ഒത്തുചേരാന്‍ പൊതു ഇടം; അരൂരുകാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

ആലപ്പുഴ: തിരക്കില്‍ നിന്ന് ഒഴിഞ്ഞ് വിശ്രമിക്കാന്‍ മിനി പാര്‍ക്ക്, പരിപാടികള്‍ നടത്താനും ആസ്വദിക്കാനും തുറന്ന ഓഡിറ്റോറിയം, വിശാലമായ പൊതുകുളം, ലഘു ഭക്ഷണശാല, ടേക്ക് എ ബ്രേക്ക് കേന്ദ്രം... മുഖംമിനുക്കി മിടുക്കിയാവുകയാണ് അരൂര്‍ ഗ്രാമപഞ്ചായത്ത്. 

ദേശീയപാതയ്ക്കരികിലെ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള എരിയകുളം എന്ന പൊതുകുളം കേന്ദ്രീകരിച്ചാണ് പൊതു ഇടത്തിനാവശ്യമായ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. രാജഭരണ കാലത്തോളം പഴക്കമുള്ള കുളം ഒരുകാലത്ത് പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്നു. ശോചനീയവസ്ഥയിലായിരുന്ന കുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18.69 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ഉള്‍പ്പെടെ 50 ലക്ഷം രൂപ ചിലവഴിച്ചാണ് ശുചീകരിച്ചത്. കല്‍ക്കെട്ടുകള്‍ നിര്‍മ്മിച്ച് സംരക്ഷിച്ച ശേഷമാണ് കുളത്തിനോട് ചേര്‍ന്നുവരുന്ന സ്ഥലത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മിനി പാര്‍ക്ക്, ടെയ്ക് എ ബ്രേക്ക് കേന്ദ്രം ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയത്. പഞ്ചായത്തിന്റെ തനത് ഫണ്ട്, പ്ലാന്‍ ഫണ്ട് തുടങ്ങിയവയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷത്തോളം രൂപയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്.

ആയിരത്തോളം പേര്‍ക്കിരിക്കാവുന്നതാണ് വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം. അതിനോട് ചേര്‍ന്നുള്ള മിനി പാര്‍ക്കില്‍ കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, വാക് വേ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങളും സുരക്ഷ ഉറപ്പാക്കാനായി എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അവസാനഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി പൊതു ഇടം എന്ന പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘകാല സ്വപ്നപദ്ധതി ഉടന്‍ നാടിന് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അരൂര്‍ ഗ്രാമപഞ്ചായത്ത്.

date